കൊട്ടാരക്കര: മദ്യപിച്ച് ബഹളമുണ്ടാക്കിയ അച്ഛനെ ഭയന്ന് രാത്രി വീട് വിട്ടിറങ്ങിയ ദളിത് പെണ്‍കുട്ടിയെ മദ്യപിച്ച സംഘം ക്രൂരമായി പീഡിപ്പിച്ചു. അവശയായ പെണ്‍കുട്ടി വെള്ളം ചോദിച്ചപ്പോള്‍ മദ്യം നല്‍കി സമീപത്തെ വീട്ടിലുപേക്ഷിച്ചു. കൊട്ടാരക്കര ആന്റമാനനടുത്ത് ദര്‍ഭയിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്.

ശനിയാഴ്ച രാത്രി ഒമ്പതുമണിക്കാണ് സംഭവം. മദ്യപിച്ചെത്തിയ അച്ഛന്‍ മര്‍ദ്ദനം തുടങ്ങിയതോടെ ഭയന്ന പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. വീടിനടുത്തുള്ള റോഡിന് സമീപമെത്തിയ പെണ്‍കുട്ടിയെ റോഡരികില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കരികിലിരുന്ന് മദ്യപിക്കുകയായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. അവശയായ പെണ്‍കുട്ടി വെള്ളം ചോദിച്ചപ്പോള്‍ ബലംപ്രയോഗിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. പിന്നീട് പുലര്‍ച്ചെ മൂന്ന് മണിയോടെ പെണ്‍കുട്ടിയെ സമീപത്തുള്ള ഒരു വീടിന്റെ മുറ്റത്ത് വലിച്ചെറിഞ്ഞ് ഇവര്‍ കടന്നുകളഞ്ഞു.

കോളിംഗ് ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണര്‍ത്തിയ പെണ്‍കുട്ടി നടന്ന സംഭവമെല്ലാം അവരെ അറിയിച്ചു. ഈ വീട്ടുകാരാണ് പെണ്‍കുട്ടിയെ പോലീസില്‍ ഏല്‍പ്പിച്ചത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പീഡനം നടന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണ്. നേരത്തെ പിതാവ് തന്നെ നിരവധി തവണ ലൈംഗികചൂഷണം ചെയ്തതായി സ്‌കൂളിലെ ഒരു അധ്യാപികയോട് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് ഇവരെ തിരുവനന്തപുരത്തെ മഹിളാസൗഖ്യമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ ആരംഭിക്കുന്നതിനാല്‍ പെണ്‍കുട്ടിയെ അമ്മ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനെയും പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛന് പുറമേ മനോജ് (32), ഷൈന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
Malayalam news
Kerala news in English