vsachudanandan-rw-15തിരുവനന്തപുരം: ദലിത് വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. യഥാര്‍ത്ഥ രാഷ്ട്രീയത്തിന് പകരം സ്വത്വ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടു വരുന്നത് ആപല്‍ക്കരമാണെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിരന്തരമായ സമരങ്ങളിലൂടെ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്ത സംസ്ഥാനമാണ് കേരളം. പിന്നാക്ക വിഭാഗങ്ങള്‍ സംസ്ഥാനത്ത് കൈവരിച്ച നേട്ടങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് ചില ഭാഗങ്ങളില്‍ നിന്നുണ്ടാവുന്നത്. ദലിത് വിഭാഗങ്ങളെത്തന്നെ ഉപയോഗിച്ചാണ് അവരെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നത്. ചില ദുഷ്ടശക്തികളാണ് ഇതിന് പിന്നില്‍.

കേരളത്തില്‍ മത-ജാതി തീവ്രവാദം വര്‍ധിക്കുന്നത് ആശങ്കാ ജനകമാണ്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ അക്രമങ്ങള്‍ നടമാടുന്നു. മയക്കുമരുന്നും മദ്യാസക്തിയും വ്യാപകമായിട്ടുണ്ട്. കേരളത്തില്‍ ആഘോഷങ്ങള്‍ മദ്യോത്സവങ്ങളാവുകയാണ്. ഏറ്റവുമധികം മദ്യാസക്തിയുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മില്‍ അടുത്തകാലത്തായി പ്രത്യയശാസ്ത്ര ഭിന്നിപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രത്യയശാത്രം മുന്നോട്ട് വെക്കുന്ന വര്‍ഗസമരത്തില്‍ നിന്ന് മാറി ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുകയെന്ന രീതി സി.പി.ഐ.എമ്മും പ്രയോഗിക്കാന്‍ തുടങ്ങിയ സമയത്താണ് അതിനെതിരെ വി എസിന്റെ പ്രസ്താവനയുണ്ടായിരിക്കുന്നത്. അടുത്തിടെ സി.പി.ഐ.എം വിളിച്ചു ചേര്‍ത്ത പട്ടിക വര്‍ഗ സമ്മേളനം ഏറെ ചര്‍ച്ചയായിരുന്നു.