dhrmതിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പോലീസ് പറയുന്ന ഡി.എച്ച്.ആര്‍.എം (ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്്) സംസ്ഥാനത്തു പ്രവര്‍ത്തനം തുടങ്ങിയത് 2006 മുതല്‍. പട്ടികവര്‍ഗ വിഭാഗങ്ങളെ സ്വയം ശാക്തീകരണത്തിന് സജ്ജരാക്കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ചെണ്ട അടയാളത്തില്‍ മല്‍സരിച്ചിരുന്നു.

സംഘടനക്ക് 3,000 കാഡര്‍മാറുള്ളതായി ഡി.എച്ച്.ആര്‍.എമ്മിന്റെ മുതിര്‍ന്ന നേതാവ് ഒരു മലയാള പത്രത്തോട് വെളിപ്പെടുത്തി. ഇതില്‍പ്പെട്ട 500 പേര്‍ക്ക്് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി തങ്ങളെ അടിമകളാക്കി മുതലെടുപ്പു നടത്തുന്ന മത-രാഷ്ട്രീയ സംഘടനകളില്‍ നിന്നു മാറി സ്വയം ശാക്തീകരിക്കുകയെന്നതാണു സംഘടനയുടെ ലക്ഷ്യമെന്നും നേതാവ് വ്യക്തമാക്കി.

ബ്രാഞ്ച്് മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പോകുന്നതാണു സംഘടനയുടെ ഘടന. പ്രാഥമികഘടകമായ ബ്രാഞ്ച് കമ്മിറ്റി ആഴ്ചയില്‍ രണ്ടു ദിവസം ചേരും. പ്രായ-ലിംഗ ഭേദമന്യേ കലാപരിപാടികളും അംഗങ്ങളുടെ കായികക്ഷമതക്ക് യോഗയും നടത്തുന്നുണ്ട്. സംസ്ഥാനത്തെ രണ്ടു മേഖലകളാക്കി തിരിച്ചാണു പ്രവര്‍ത്തനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ചേര്‍ന്ന സൗത്ത് സോണിന്റെ ചുമതല വര്‍ക്കല കൊലപാതകവുമായി ബന്ധപ്പെട്ടു പോലിസ് പിടികൂടിയ കെ ദാസിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പാണു സംഘന പരസ്യമായി പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളം നോര്‍ത്ത് പറവൂരാണ് ആസ്ഥാനം. ലിറ്റില്‍ ബോയ്് എന്ന ടാബ്ലോയ്ഡും സ്വതന്ത്ര നാട്ടുവര്‍ത്തമാനം എന്ന മാസികയും സംഘടന പുറത്തിറങ്ങുന്നുണ്ട്.

ഹൈന്ദവാചാരങ്ങളായ ശിവലിംഗ പൂജയും നിലവിളക്കു കത്തിക്കലും സംഘടന അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനയിലെ കാഡര്‍മാര്‍ ലഹരി ഉപയോഗിക്കാന്‍ പാടില്ല. 2010ഓടെ സംസ്ഥാനത്തു പട്ടികജാതിക്കാര്‍ക്കിടയില്‍ നിര്‍ണായക ശക്തിയായി മാറുകയെന്നതാണു സംഘടനയുടെ ലക്ഷ്യം.

ആര്‍.എസ്.എസ്-സി.പി.എം ശക്തികേന്ദ്രങ്ങളായ തെക്കന്‍ ജില്ലകളിലെ ദലിത് കോളനികളില്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെയാണു സംഘടനക്കെതിരേ തീവ്രവാദ ആരോപണം ഉയര്‍ന്നുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകളെ കൊലപ്പെടുത്തി സംഘടനക്കു പ്രശസ്തിയുണ്ടാക്കുന്നതു തങ്ങളുടെ ലക്ഷ്യമല്ല. ആര്‍.എസ്.എസ്-സി.പി.എം പ്രവര്‍ത്തകര്‍ പോലിസിനെയും ഗുണ്ടകളെയും ഉപയോഗിച്ചു തങ്ങളെ അപകടപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ക്കലയില്‍ ശിവപ്രസാദ് എന്നയാള്‍ കൊല്ലപ്പെട്ടതോടെയാണ് സംഘടനയുടെ പേര് കേരളത്തില്‍ ഉയര്‍ന്നു കേട്ടത്. കൊലക്ക് പിന്നില്‍ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. കേരളത്തില്‍ അടുത്ത കാലത്തായി ദളിത് ആദിവാസി പ്രക്ഷോഭങ്ങള്‍ ശക്തമായിട്ടുണ്ട്. ചെങ്ങറ സമരവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകള്‍ക്കിടയില്‍ ആശയ ശാക്തീകരണമുണ്ടായിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രീയ സംഘടനകളില്‍ വിശ്വാസം നഷ്ടപ്പെട്ട ഇവര്‍ സ്വയം സംഘടിച്ച് ശക്തരാവുകയെന്ന ആശയം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.