ഇടുക്കി: സമുദായ പ്രവര്‍ത്തനത്തിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും വ്യക്തികളെയും ഒറ്റപ്പെടുത്തണമെന്നും വര്‍ക്കല സംഭവത്തിന്റെ പേരില്‍ ദലിത് സമുദായത്തെ വേട്ടയാടരുതെന്നും ദലിത് ഐക്യസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മാനവീക സങ്കല്‍പ്പങ്ങളെയും നവോത്ഥാന മൂല്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടുള്ള സാമൂഹ്യ പ്രവര്‍ത്തനമാണ് എക്കാലവും ദലിത് സമുദായം പിന്തുടര്‍ന്നിട്ടുള്ളത്. കോളനിവല്‍ക്കരണം, ഭൂരാഹിത്യം, തൊഴിലില്ലായ്മ, നീതി നിഷേധം തുടങ്ങിയ സാഹചര്യങ്ങള്‍ ഏതൊരു സമൂഹത്തെയും കടുത്ത മാനസിക സംഘര്‍ഷങ്ങളിലേക്കും തീവ്ര ആശയങ്ങളിലേക്കും നയിക്കും. ഇവ പരിഹരിക്കാന്‍ ഭരണകൂടത്തിനും പൊതുസമൂഹത്തിനും ബാധ്യതയുണ്ട്.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി ഡി എല്‍ദോ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി ബി രമണന്‍, പി യു പൗലോസ്, പി ആര്‍ സുരേഷ് കുമാര്‍, പി ഐ ജോണി, കെ കെ ജനാര്‍ദ്ദനന്‍, കെ കെ ജിന്‍ഷു, ടി എല്‍ സിജോഷ് സംസാരിച്ചു.