എഡിറ്റര്‍
എഡിറ്റര്‍
തെരഞ്ഞെടുപ്പില്‍ വിജയിച്ചതിലെ പക ; ഗുജറാത്തില്‍ ഗ്രാമമുഖ്യനായ ദളിത് യുവാവിനെ ഉയര്‍ന്ന ജാതിയില്‍ പെട്ട യുവാക്കള്‍ കൊലപ്പെടുത്തി
എഡിറ്റര്‍
Friday 3rd March 2017 11:36pm

ഗുജറാത്ത്: അമ്രേലി ഗ്രാമത്തിലെ ദളിത് സമുദായത്തില്‍ നിന്നുമുള്ള ഗ്രാമമുഖ്യനെ ഉയര്‍ന്ന ജാതിയില്‍ നിന്നുമുള്ള മൂന്ന് പേര്‍ ചേര്‍ന്ന് വധിച്ചു. ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ടതിലെ അരിശമാണ് കൊലപാതകത്തിലേക്ക് നയിച്ചതായി പറയപ്പെടുന്നത്.

അമ്രേലിയിലെ വാര്‍സദ ഗ്രാമത്തിലെ ഗ്രാമമുഖ്യനായ ജയ്‌സുഖ് മധാദി എന്ന 27 കാരെനായാണ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ചയായിരുന്നു മധാദിനെ മൂവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഇവര്‍ മധാദിനെ വിലക്കിയിരുന്നു.

പ്രതികളിലൊരാളുടെ വീട്ടിലേക്ക് ഫെബ്രുവരി 28 ന് മധാദിനെ വിളിച്ച് വരുത്തുകയായിരുന്നു. പിന്നീട് ഇരുമ്പ് ദണ്ഡും കൂര്‍ത്ത ആയുധങ്ങളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജേഷ് പര്‍മാര്‍ പറഞ്ഞു.

മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായ പരുക്കേറ്റ യുവാവിനെ അമ്രേലി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്ന് പേര്‍ക്കെതിരേയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്.


Also Read: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കൃഷ്ണ കിര്‍വാലെ കൊല്ലപ്പെട്ടു


ഗ്രാമമുഖ്യനായുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് മൂവരും നേരത്തെ തന്നെ മധാദിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. പിന്നോക്ക സമുദായത്തിന് റിസര്‍വേഷനുള്ള സീറ്റിലായിരുന്നു മധാദ് മത്സരിച്ചിരുന്നത്.

പ്രതികളിലൊരാളായ ദീപു അപബായിയെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം നടന്നു വരികയാണ്.

Advertisement