എഡിറ്റര്‍
എഡിറ്റര്‍
സ്വാതന്ത്ര്യദിന-പരിപാടിസ്വാതന്ത്ര്യദിന പരിപാടിയില്‍ ബി.ജെ.പിയുടെ ദളിത് എം.എല്‍.എയ്ക്ക് വേദിയില്‍ ഇരിപ്പിടമില്ല; ‘ഞാനിപ്പോഴും അടിമ’ തന്നെയെന്ന് എം.എല്‍.എ
എഡിറ്റര്‍
Thursday 17th August 2017 8:46am

ചണ്ഡീഗഢ്: സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയില്‍ ബി.ജെ.പിയുടെ ദളിത് എം.എല്‍.എയ്ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്ന് പരാതി. ഭവാനി ഖേരയിലെ എം.എല്‍.എയായ ബിഷാംബര്‍ സിങ് ബാല്‍മികിക്കാണ് ഇരിപ്പിടം അനുവദിക്കാതിരുന്നത്.

നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയി. ‘ ഞാനിപ്പോഴും അടിമതന്നെയാണ്. എന്നെ കസേരയില്‍ ഇരിയ്ക്കാന്‍ അനുവദിച്ചില്ല.’ എന്ന് വേദിവിടാനൊരുങ്ങിയ അദ്ദേഹത്തെ തടഞ്ഞ ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ചിലപ്പോള്‍ രാജിവെക്കും. എന്നാല്‍ സ്‌റ്റേജില്‍ കയറി ഇരിക്കില്ല’ എന്നായിരുന്നു സ്‌റ്റേജിലേക്ക് വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്.


Also Read: ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ച മുസ്‌ലിം പ്രിന്‍സിപ്പലിനെതിരെ എ.ബി.വി.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം


തനിക്ക് സീറ്റ് ഒരുക്കാത്തത് അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് അതിക്രമമാണെന്നും വെച്ചുപൊറുപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എയുമായി ഏറെ സംസാരിച്ചശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ തിരികെ സ്‌റ്റേജില്‍ എത്തിക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് മറ്റൊരു എം.എല്‍.എയ്ക്കു സമീപം കസേര ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.

എം.എല്‍.എ സ്റ്റേജിലെത്തിയപ്പോള്‍ എല്ലാവരും സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ തിരക്കിലായിരുന്നെന്നും അതിനിടെ അദ്ദേഹത്തിന് കസേരയില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ് ഭിവാനി ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍ഷാജ് സിങ്ങിന്റെ വിശദീകരണം. യാതൊരു വിവേചനവും ഇവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement