വൈറ്റ് പേപ്പര്‍/ കെ.എം ഷഹീദ്

ഇന്ത്യയില്‍ ആരും ജാതി മത വിവേചനം അനുഭവിക്കുന്നില്ലെന്നും ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തുല്യമായതോ അതിലധികമോ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും പറയുന്നവര്‍ ഇനിയെങ്കിലും ഇന്ത്യന്‍ യാഥാര്‍ത്ഥ്യം കണ്ണുതുറന്ന് കാണേണ്ടതാണ്. ജാതീയവും മതപരവുമായ വിവേചനം പരിഷ്‌കൃത ജനങ്ങളില്‍പ്പോലും വര്‍ധിച്ചുവരുന്നുണ്ടെന്നാണ് ഈ അടുത്ത കാലത്തായി ഇന്ത്യയില്‍ കണ്ടുവരുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

ബിഹാറിലെ പാറ്റ്‌നയില്‍ കുടിവെള്ള പമ്പില്‍ നിന്ന് വെള്ളമെടുത്ത ദളിത് യുവാവിനെ അടിച്ചുകൊന്ന സംഭവം ഇന്ത്യന്‍ യാഥാര്‍ത്ഥ്യം നേരിട്ടറിയുന്നവര്‍ക്ക് വലിയ ഞെട്ടലൊന്നുമുണ്ടാക്കിയിട്ടില്ല. പക്ഷെ ജാതി വിവേചനങ്ങള്‍ അവസാനിപ്പിച്ചുവെന്ന് പറയുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ് ഈ സംഭവം.

ബീഹാറിലെ കൈമൂര്‍ ജില്ലയിലെ പാര്‍ഹുട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. പൊതുപൈപ്പില്‍ നിന്നും കുടിക്കാനുള്ള വെള്ളം ശേഖരിച്ചതിന് ദലിതനെ ഉയര്‍ന്ന ജാതിക്കാരന്‍ അടിച്ചുകൊല്ലുകയായിരുന്നു.

48 കാരനായ മോഹന്‍ പാസ്വാനെ ഉയര്‍ന്ന ജാതിക്കാരനായ പ്രമോദ് സിംഗാണ് കൊലപ്പെടുത്തിയത്. പാസ്വാന്‍ സ്ഥിരമായി സര്‍ക്കാര്‍ ടാപ്പില്‍ നിന്നാണ് വെള്ളം ശേഖരിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഗ്രാമത്തിലെ മേല്‍ജാതിക്കാരനും പ്രമാണിയുമായ പ്രമോദ് സിംഗിന് ഇത് ഇഷ്ടമായിരുന്നില്ല. പാസ്വാന്‍ തൊട്ടുകൂടാത്തവനാണെന്നും അതിനാല്‍ പൊതുപൈപ്പില്‍ നിന്നും വെള്ളമെടുക്കരുതെന്നും പ്രമോദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചതിനെ തുടര്‍ന്നാണ് ‘ശിക്ഷ’ നടപ്പാക്കിയത്.

ഇന്ത്യയില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ദളിത് ജനതയ്ക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങളുടെ ചൂണ്ടുപലക മാത്രമാണിത്. പുറത്തുവരാത്ത നിരവധി സംഭവങ്ങള്‍ വേറെയുമുണ്ടാകാം. ഏറ്റുമുട്ടലിന് നില്‍ക്കാതെ മേല്‍ജാതിക്കാരന്റെ വിവേചനം വേദനയോടെ അംഗീകരിച്ചുകൊടുക്കുന്നവരുമുണ്ട്.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ വിട്ട് ഇങ്ങ് കേരളത്തിലെത്തിയാലും സ്ഥിതി വ്യത്യസ്തമൊന്നുമല്ല. കുറച്ചുകൂടി വിവേകമുള്ളതുകൊണ്ട് പ്രത്യക്ഷമായ വിവേചനം വലിയ തോതിലില്ല. എന്നാല്‍ പരോക്ഷമായി അവസരം കിട്ടുമ്പോഴൊക്കെ ദളിതര്‍ക്ക് വിവേചനവും പരിഹാസവും അനുഭവിക്കേണ്ടി വരുന്നുണ്ട്. അടുത്ത കാലത്ത് സെക്രട്ടേറിയേറ്റിലെ ദളിതനായ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവെച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കസേര പുണ്യാഹം തളിച്ച് ശുദ്ധമാക്കിയ സംഭവമുണ്ടായിരുന്നു. ഒരു ഉന്നത ഉദ്യോഗസ്ഥന് ഈ രീതിയില്‍ അവഹേളനം നേരിടേണ്ടിവന്നുവെങ്കില്‍ സാധാരണക്കാരനായ ദളിതന്റെ ജീവിതം ഏത് രീതിയിലുള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

കേരളത്തില്‍ ദളിത് വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനോ അവരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനോ മറ്റുള്ളവര്‍ തയ്യാറല്ല. കച്ചവടം നടത്തുന്നത് പോയിട്ട് ദളിത് വിഭാഗക്കാരെ ജോലിക്ക് വെക്കാന്‍ പോലും പല വ്യാപാര സ്ഥാപനങ്ങളും തയ്യാറാവുന്നില്ല. പൊതു ഇടങ്ങളില്‍ നിന്ന് ആട്ടിപ്പായിച്ച് അവരെ കോളനികളില്‍ കൊണ്ടുപോയി താമസിപ്പിച്ചിരിക്കുകയാണല്ലോ നമ്മള്‍.

മാന്യമായി തലയുര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള സാമൂഹ്യ ചുറ്റുപാടുണ്ടാക്കാതെ ഒരു സമൂഹത്തിന് എത്ര സംവരണം കൊടുത്തിട്ടും ഫലമുണ്ടാവുകയില്ല. സവര്‍ണ്ണര്‍ ഇപ്പോഴും അവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ ദളിത് പേരുകള്‍ പറഞ്ഞ് പുച്ഛിക്കും. സംസ്‌കാരമില്ലാത്തവര്‍ എന്ന് പറഞ്ഞ് അവഹേളിക്കും. സംസ്‌കാരികവും സാമൂഹ്യവുമായ എല്ലാ ഇടങ്ങളില്‍ നിന്നും ആട്ടിപ്പായിച്ചിട്ടാണ് ഈ പരിഹാസം എന്ന് ഓര്‍ക്കേണ്ടതാണ്.

രാജ്യത്ത് ഏറെ പോരാട്ടം നടത്തിയാണ് ദളിതര്‍ മാന്യമായി ജീവിക്കാനുള്ള അവകാശം നേടിയെടുത്തത്. അതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് ഡോ.ബി ആര്‍. അംബേദ്കര്‍. എന്നാല്‍ നിയമങ്ങള്‍ക്ക് ഇന്ത്യന്‍ സവര്‍ണ്ണ മനസ്സിനെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. അഭ്യസ്ഥവിദ്യരായ പുതിയ സമൂഹം പോലും ജാതീയമായി ചിന്തിക്കുകയും അതിന്റെ ഏറ്റവും പിന്തിരിപ്പന്‍ ആശയങ്ങളെ പിന്തുടരുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. മതത്തിലും ജാതിയിലും വിശ്വസിക്കുന്നതല്ല, അതുപയോഗിച്ച് താന്‍ സാമൂഹ്യമായി മറ്റുള്ളവനേക്കാള്‍ ഉയര്‍ന്ന ശ്രേണിയിലാണെന്നും മറ്റുള്ളവന്‍ തന്റെ കീഴെയാണെന്നും വിശ്വസിക്കുകയും അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നമുണ്ടാക്കുന്നത്.

സ്വയം തിരിച്ചറിഞ്ഞ് ഉണര്‍ന്നെണീക്കാനുള്ള ദളിതുകളുടെ ശ്രമങ്ങളെ അടിച്ചമര്‍ത്തി നശിപ്പിക്കാനാണ് ഭരണകൂടവും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്. കേരളത്തില്‍ വര്‍ക്കലയില്‍ നടന്ന ദളിത് വേട്ട ഇതിനുദാഹരണമാണ്. സവര്‍ണ്ണ ബോധങ്ങളെ തച്ചുടച്ച് ദളിതന് നിവര്‍ന്ന് നിന്ന് ജീവിക്കാനുള്ള സാഹചര്യമുണ്ടാവേണ്ടതുണ്ട്. അതിന് സാമൂഹ്യനീതിക്ക് വേണ്ടി ശബ്ദിക്കുന്ന എല്ലാ മനുഷ്യരുടെയും പിന്തുണയുണ്ടാവേണ്ടതുമുണ്ട്.