dalit-christianകോട്ടയം: ക്രിസ്ത്യന്‍ സഭകളിലെ ദലിത് വിഭാഗത്തെ സെമിത്തേരിയില്‍ പോലും അടുപ്പിക്കുന്നില്ല. കോട്ടയത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങൡ ദലിത് ക്രിസ്ത്യനികളോട് കാട്ടുന്ന അയിത്തം ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ ദലിത് ക്രിസ്ത്യാനികള്‍ക്ക് സെമിത്തേരിയില്‍ വേര്‍ തിരിവുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ദലിത് ക്രിസ്ത്യാനികളെ മരിച്ചാല്‍ പോലും പള്ളിയിലേയ്ക്ക് കയറ്റുന്നില്ല. കഴിഞ്ഞ ദിവസം പാലാക്കു സമീപം മാനത്തൂര്‍ ഇടവകാംഗമായ കല്ലുവെട്ടത്ത് തോമസ് വര്‍ക്കിക്ക്(കുട്ടപ്പന്‍) മരണാനന്തര ശുശ്രൂഷ നല്‍കാന്‍  ഫാ. മൈക്കിള്‍ നരിക്കാട്ടില്‍ വിസമ്മതിച്ചതായാണ് പരാതി.

കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിന് കുടുംബ വിവരങ്ങള്‍ എഴുതി നല്‍കാന്‍ ഏല്‍പ്പിച്ച ഫോറം പൂരിപ്പിച്ചുകൊടുക്കാത്തതിനാല്‍ ഇടവകാംഗമല്ലെന്നു പറഞ്ഞാണ് തലമുറകളായി ഇടവകക്കാരനായ കുട്ടപ്പന് സഭാ ആചാരങ്ങള്‍ നിഷേധിച്ചത്. ജനുവരി അഞ്ചിനാണ് കുട്ടപ്പന്‍ മരിച്ചത്. ആറിനായിരുന്നു സംസ്‌കാരം. കുടുംബം കേണപേക്ഷിച്ചിട്ടും പരേതന്റെ വീട്ടില്‍ചെന്നു പ്രാര്‍ഥിക്കാന്‍ കൂട്ടാക്കാതിരുന്ന വികാരി മൃതദേഹം പള്ളിയില്‍ കയറ്റാനും അനുവദിച്ചില്ല. മൃതദേഹം പള്ളിയില്‍ വെച്ചിട്ടുപോകും എന്ന കര്‍ക്കശ നിലപാട് ആളുകള്‍ സ്വീകരിച്ചതോടെയാണ് വൈദികന്‍ സെമിത്തേരി തുറക്കാന്‍ തന്നെ തയാറായത്.

മാസങ്ങള്‍ക്കു മുമ്പ് മറ്റൊരു ദലിത് ക്രൈസ്തവനും ഇതേ വികാരി സഭാപരമായ മൃതദേഹ സംസ്‌കാരം നിഷേധിച്ചതായി ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. കുടുംബത്തിന്റെ വസ്തുവകകളെന്തൊക്കെയെന്നും വരുമാനമെത്രയെന്നും മറ്റുമുള്ള ചോദ്യങ്ങളടങ്ങിയ ഇത്തരമൊരു ഫോറം പൂരിപ്പിച്ചു നല്‍കുന്നതിന് ആവശ്യപ്പെടാന്‍ സര്‍ക്കാറിനുമാത്രമെ അധികാരമുള്ളൂ എന്നും അവര്‍ പറഞ്ഞു.

വികാരിക്കെതിരെ നിരവധി പ്രതിഷേധ പരിപാടികള്‍ നടന്നെങ്കിലും സഹപാഠിയും അയല്‍ക്കാരനുമായ അദ്ദേഹത്തെ സംരക്ഷിക്കുന്ന സമീപനമാണ് പാലാ ബിഷപ് സ്വീകരിച്ചതെന്ന് ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോയി പോള്‍ പുതുശേരി കുറ്റപ്പെടുത്തി. സഭാസമൂഹത്തോട് കുറ്റം ചെയ്ത വൈദികനും അതിനു കൂട്ടുനിന്ന ബിഷപ്പും സഭയില്‍ പരസ്യമായി മാപ്പുപറയുകയും കുട്ടപ്പന്റെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് സമര പരിപാടിയുടെ ഭാഗമായി ശനിയാഴ്ച പാലായില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു. ജോയന്റ് കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ കെ.കെ. ജോസ് കണ്ടത്തില്‍, അലോഷ്യ ജോസഫ്, ജോയി മുതുകാട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Malayalam news

Kerala news in English