എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രിയെ കണ്ട് മരിക്കാന്‍ മോഹം: ഡി. ബാബു പോള്‍
എഡിറ്റര്‍
Wednesday 5th March 2014 7:30am

babupaul

തിരുവനന്തപുരം: ഒരു ദളിത് മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് കണ്ടിട്ട് മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബു പോള്‍.  എല്‍.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും ഒരു ദളിതനെ മുഖ്യമന്ത്രിയാക്കാന്‍ തുനിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള ദളിത് ഫെഡറേഷന്റെ ഡോ. ബി.ആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ദളിത് വിഭാഗങ്ങളില്‍ നിന്നും കഴിവുള്ളവര്‍ മന്ത്രിസഭയില്‍ എത്തിയാല്‍ത്തന്നെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വകുപ്പ് നല്‍കി ഒതുക്കുകയാണ്. എല്‍.ഡി.എഫും യു.ഡി.എഫും ഇക്കാര്യത്തില്‍ ഒരു പോലെയാണ്.

ഡോ.എം. കുട്ടപ്പനെപ്പോലെ അറിവും അവഗാഹവുമുള്ളവര്‍ പോലും മന്ത്രിസഭയില്‍ എത്തിയപ്പോള്‍ ദളിത് വകുപ്പാണ് നല്‍കിയത്.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ചുമതല ദളിതന് നല്‍കാതെ ആ വകുപ്പ് സ്വയം ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച മുഖ്യമന്ത്രിയാണ് കെ. കരുണാകരനെന്നും ബാബു പോള്‍ പറഞ്ഞു.

അവാര്‍ഡ്ദാന ചടങ്ങും കേരള ദളിത് ഫെഡറേഷന്റെ നേതൃസമ്മേളനവും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിഷ്വല്‍ മീഡിയയുടെ കടന്നു വരവോടെ ശരിയും തെറ്റും തിരിച്ചറിയുന്നതിന് മുമ്പേ വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നതായി അദ്ദേഹം പറഞ്ഞു.

ഈ പ്രവണത അപകടകരമാണെന്നും വാര്‍ത്തയുടെ വിശ്വാസ്യത പരിശോധിക്കേണ്ടത് മാധ്യമ ധര്‍മ്മമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി കൊല്ലം യൂണിറ്റ് ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠനാണ് ഇത്തവണ അവാര്‍ഡിനര്‍ഹനായത്.

കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ അധ്യക്ഷനായിരുന്നു. മുന്‍ മന്ത്രി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി.

Advertisement