ന്യൂദല്‍ഹി: ഇന്ത്യയില്‍ ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ദിവസം 2 ദലിതര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ ലൈംഗിക പീഡനത്തിനിരയാവുകയും ചെയ്യുന്നുണ്ട്. അംബേദ്കറെയും ജോതിബ ഫൂലെയെയും പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്ക് ജന്മം നല്‍കിയ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ദലിത് പീഡനങ്ങള്‍ നടക്കുന്നതെന്നാണ് ഞെട്ടിക്കുന്ന വസ്തുത.

തങ്ങള്‍ക്കുനേരിടേണ്ടി വരുന്ന പീഡനങ്ങള്‍ക്കെതിരെ ദലിത് ആദിവാസി യുവത്വം ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ദലിത് യുവതിയായ രമാഭായിയെ പോലീസ് കൊലപ്പെടുത്തിയപ്പോഴും,  ഖൈര്‍ലാഞ്ചി കൂട്ടക്കൊല നടന്നപ്പോഴും ഉണ്ടായ പ്രതിഷേധങ്ങള്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഇതുപോലെ പ്രതിഷേധിക്കുന്നവരെ നക്‌സലുകളെന്ന് ബ്രാന്റ് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കബീര്‍ കേല മഞ്ച് ഡിഫന്‍സ് കമ്മിറ്റി ആരോപിക്കുന്നു. സുധീര്‍ ധാലെപോലുള്ള ദലിത് പ്രവര്‍ത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുകയാണുണ്ടായത്. വിചാരണയ്ക്ക് പോലും വിധേയനാക്കാതെ വര്‍ഷങ്ങളായി അദ്ദേഹത്തെ ജയിലിലടച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ദലിതരുടെ ഉന്നമനത്തിനായി പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കബീര്‍ കേല. ഗുജറാത്തിലെ വര്‍ഗീയ കലാപസമയത്താണ് ഇത് ആദ്യം ഉടലെടുത്തത്. പിന്നീട് ചേരിയില്‍ താമസിക്കുന്ന ദലിതരുടെ അവകാശത്തിനായും, വികസനത്തിനുവേണ്ടിയും ഇവര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിരുന്നു.