എഡിറ്റര്‍
എഡിറ്റര്‍
മിശ്രവിവാഹം: ദലിത്‌യുവാവിനെ ആക്രമിച്ച് ഭാര്യയെ തട്ടിക്കൊണ്ടുപോയി
എഡിറ്റര്‍
Thursday 28th June 2012 11:52am

ഹിസാര്‍: ഉയര്‍ന്ന ജാതിയിലുള്ള യുവതിയെ വിവാഹം ചെയ്തതിന്റെപേരില്‍ ദലിത്‌ യുവാവിനെ ക്രൂരമായി ആക്രമിച്ചു. ഹിസാര്‍ ജില്ലയിലെ കൈമാരി റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി കുല്‍ദീപ്- ശാലു ദമ്പതിമാരെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്.

ഇവര്‍ താമസിക്കുന്ന വീട്ടില്‍ കയറി വന്ന ശാലുവിന്റെ ബന്ധുക്കല്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. അതിനുശേഷം യുവതിയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു.

കോടതിയില്‍ ചെന്നാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതിന് പോലീസിന്റെ സഹായവും ഉണ്ടായിരുന്നു. ഇവര്‍ക്ക് സംരക്ഷണം നല്‍കാനായി കോടതി ഒരു പോലീസുകാരനെ നിയമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇവര്‍ ഗണ്‍മാനെ തിരിച്ചയയ്ക്കുകയായിരുന്നു. കൈമരി റോഡിലുള്ള വീട്ടിലായിരുന്നു വിവാഹത്തിനു ശേഷം ഇരുവരും താമസിച്ചിരുന്നത്.

പോലീസിന്റെ സംരക്ഷണം ഇവര്‍ക്കില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ശാലുവിന്റെ വീട്ടുകാര്‍ ഇവിടെയെത്തിയത്. തന്നെ ആക്രമിച്ച ശേഷം ഭാര്യയെ അവര്‍ തട്ടിക്കൊണ്ടുപോയ വിവരം കുല്‍ദീപ് തന്നെയാണ് പോലീസില്‍ അറിയിക്കുന്നത്. പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്കായി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുല്‍ദീപ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ പിതാവും ജ്യേഷ്ഠനുമാണ് തന്നെ ആക്രമിച്ചതെന്ന് കുല്‍ദീപ് പോലീസിന് മൊഴി നല്‍കി. തന്റെ ഭാര്യയുടെ ജീവന് ഭീഷണിയുണ്ടെന്നും കുല്‍ദീപ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. തന്നോട് ഭാര്യയെ ഒഴിവാക്കണമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.

Advertisement