ജോഹാനസ്ബര്‍ഗ്: ഈ വര്‍ഷത്തെ മഹാത്മാഗാന്ധി സമാധാന പുരസ്‌കാരം ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയ്ക്ക്. പുരസ്‌കാരവിതരണച്ചടങ്ങ് അടുത്ത ഞായറാഴ്ച ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുമെന്ന് ഗാന്ധിജിയുടെ കൊച്ചുമകള്‍ ഇളാ ഗാന്ധി പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദലൈലാമയ്ക്കു വിസ അനുവദിക്കണമെന്നും ഇള ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

നോബല്‍ സമ്മാനജേതാവ് ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടുവിന്റെ എണ്‍പതാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ദലൈലാമ ഈ ആഴ്ച ദക്ഷിണാഫ്രിക്കയിലെത്തുമെന്നാണു പ്രതീക്ഷ. എന്നാല്‍ ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ദലൈലാമയ്ക്കു വിസ അനുവദിക്കാതിരിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.

Subscribe Us:

ഈ സാഹചര്യത്തിലാണ് ദലൈലാമക്ക് വിസ അനുവദിക്കണമെന്ന് ഇള ഗാന്ധി ആവശ്യപ്പെട്ടത്. ദലൈലാമ ആത്മീയാചാര്യനാണെന്നും രാഷ്ട്രീയ നേതാവല്ലെന്നും അതിനാല്‍ തന്നെ ലാമക്ക് വിസ അനുവദിക്കുന്നത് കൊണ്ട് ഒരു പ്രശ്മനില്ലെന്നും അവര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ ഇള ദലൈലാമക്ക എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിക്ക് അവാര്‍ഡ് സമ്മാനിക്കുമെന്നും വ്യക്തമാക്കി.