എഡിറ്റര്‍
എഡിറ്റര്‍
പൊതുമാപ്പില്‍ നാട്ടില്‍ പോകുന്നവരെയും കൊള്ളയടിക്കാന്‍ ശ്രമം
എഡിറ്റര്‍
Wednesday 28th November 2012 7:27pm

dala pravasi organisationദുബൈ : യു.എ.ഇയില്‍ നിന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകുന്നവരെയും  കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതായി ദല ദുബൈ ആരോപിച്ചു. മതിയായ രേഖകളും വേലയും കൂലിയുമില്ലാതെ യു.എ.ഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചു പോകാന്‍ യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ 69 ദിര്‍ഹം മുടക്കേണമെന്ന നിബന്ധന പ്രതിഷേധര്‍ഹമാണ്.

ഔട്ട് പാസ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക്  വിസ- പാസ്‌പോര്‍ട്ട് സേവനങ്ങളുടെ ഔ്‌സോഴ്‌സിങ് ഏജന്‍സിയായ, ബി.എല്‍.എസിനെ ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആയിരം ഇന്ത്യന്‍ രൂപ അടക്കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാവുന്നത്.

ഡിസംബര്‍ നാലിന് ആരംഭിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി  സൗജന്യമായി  യാത്രാരേഖകളും  വിമാനടിക്കറ്റും  അനുവദിച്ച്  അവരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം  കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം.

അതിനായുള്ള നിര്‍ദ്ദേശം അബൂദാബിയിലെ ഇന്ത്യന്‍ എംബസിക്കും  ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്നും നല്‍കണമെന്നും ദല പ്രസിഡണ്ട് മാത്തുക്കുട്ടി കാടോണ്‍  കേന്ദ്ര സര്‍ക്കാറിനയച്ച അടിയന്തര സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

ഈ പൊതുമാപ്പിന്റെ  ആനുകൂല്യം പ്രയോജനപ്പെടുത്തി തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിന്നും പുനരധിവസിപ്പിക്കുന്നതിന്നും  കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ തയ്യാറാകണമെന്നും അദ്ദേഹം സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി യു.എ.ഇയില്‍  അനധികൃതമായി താമസിക്കുകയും പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും രാജ്യം വിടാതിരിക്കുകയും ചെയ്ത അന്യ രാജ്യത്തെ പൗരന്മാരോട്, ലക്ഷക്കണക്കിന് ദിര്‍ഹം പിഴ എഴുതിത്തള്ളി യു.എ.ഇ മനുഷ്യത്വം കാട്ടുമ്പോയാണ് സ്വന്തം രാജ്യത്തെ പൗരന്മാരോട് ഇന്ത്യന്‍ അധികൃതര്‍ ഒരു ദയയും കാണിക്കാന്‍ തയ്യാറാവാത്തത്.

Advertisement