ദുബായ് മലയാളികളുടെ സാംസ്‌കാരിക പ്രസ്ഥാനമായ ദുബായ് ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ മുപ്പത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. 2012 ജൂണ്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ദുബായ് ഷെയ്ഖ്‌റാഷിദ് ഓഡിറ്റോറിയത്തിലാണ് ആഘോഷം നടക്കുക. മുന്‍കേരള വിദ്യാഭ്യാസമന്ത്രി എം.എ ബേബി എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ എം.പി സിംഗ് പത്മശ്രീ ഡോ. ബി.ആര്‍. ഷെട്ടി, ഐ.സി.ഡബ്ലു.സി കണ്‍വീനര്‍ കെ.കുമാര്‍, സുധീര്‍ഷെട്ടി, ഉമ കണ്‍വീനര്‍ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ അതിഥികളായിരിക്കും.

പ്രസിദ്ധ ഗായകരായ പണ്ഡിറ്റ് രമേശ് നാരായണനും, ഗായത്രിയും നേതൃത്വം നല്‍കുന്ന മ്യൂസിക് ഫ്യൂഷന്‍ മൃദു മല്‍ഹാര്‍ ആണ് ആഘോഷത്തിലെ മുഖ്യ കലാപരിപാടി. പ്രശസ്തരായ സംഗീതാരാധകര്‍ സമന്വയിപ്പിച്ചുള്ള മൃദുമല്‍ഹാറിനു സംഗീതം ഒരുക്കുന്നത് ഇന്ത്യന്‍ സംഗീത ലോകത്ത് പ്രശസ്തരായ രവിഛാരി, പ്രഫുല്ല അതഌ പ്രകാശ് ഉള്ള്യേരി, ജോസ്സി ജോണ്‍സ്, ഷോമി ഡേവിഡ്, ബെന്നെറ്റ് എന്നിവരാണ്. കൂടാതെ മധുവന്തി, മധുശ്രീ എന്നിവരും മൃദുമല്‍ഹാറിന് സ്വരമാധുരിയേകും.ദല സാക്ഷാത്കരിക്കുന്ന പരിപാടികള്‍ സദസ്സിനു വ്യത്യസ്ത അനുഭവം പകരും. കരിവെള്ളൂര്‍ മുരളിയുടെ ഒരു ധീരസ്വപ്‌നം എന്ന കവിതയ്ക്ക് ദല പ്രവര്‍ത്തകര്‍ ചമയ്ക്കുന്ന രംഗഭാഷ്യം. സ്വാതന്ത്യപൂര്‍വ്വ ഭാരതത്തിലെ പോരാട്ടവീര്യത്തിന്റെ ഉള്‍തുടിപ്പുകളായി അനുവാചക ചേതനയെ തൊട്ടുണര്‍ത്തും. കരിവെള്ളൂരിന്റെ തന്നെ ഭൂമി എന്ന കവിത സംഗീത ശില്പമായി അവതരിപ്പിക്കുന്നത് ദല ബാലവേദിയാണ്. തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഭൂമി, വരും തലമുറയ്ക്ക് കൂടുതല്‍ തികവോടെ ഏല്‍പ്പിക്കേണ്ടതാണെന്ന സന്ദേശമാണ് ഈ സംഗീതശില്‍പ്പം പ്രദാനം ചെയ്യുന്നത്. നാടന്‍പാട്ടുകള്‍ക്ക് ദൃശ്യചാരുത പകര്‍ന്നു ദലയുടെ കലാകാരികള്‍ അവതരിപ്പിക്കുന്ന രാസയ്യാരോ എന്ന നൃത്തമാലികയാണ് മറ്റൊരു ആകര്‍ഷണം. മഞ്ജുളന്‍, പ്രദീപ് കാശിനാഥ്, രാജേഷ് ജാസ് എന്നിവരാണ് ദല പരിപാടികള്‍ സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ദുബായിലെ സാംസ്‌കാരിക രംഗം സജീവമാക്കി നിലനിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്ന സംഘടനയാണ്് ദല. കാലാസാഹിത്യ രംഗങ്ങളില്‍ പ്രതിബദ്ധതയോടെയും ലക്ഷ്യബോധത്തോടെയുമുള്ള ഇടപെടലുകള്‍ നടത്തുവാന്‍ ദലയ്ക്ക് ആയിട്ടുണ്്. അതുകൊണ്ടുതന്നെ യു.എ.ഇയിലെ മിക്കവാറും എല്ലാ എമിറേറ്റ്കളിലും നടക്കുന്ന കലാസാംസ്‌കാരിക മേളകളില്‍ അനിവാര്യ സാന്നിദ്ധ്യമായി ദല മാറിയിരിക്കുന്നു. രക്തദാനം പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ദല മുന്നിലാണ്. അകാദമിക് പണ്ഡിതരെയും സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കിയ പ്രവാസി സംഗമം ഗള്‍ഫില്‍ ആദ്യത്തേതായിരുന്നു. സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പ്രശ്പരിഹാരത്തിനായി ദല ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ദല പുരസ്‌കാരവും ദല കൊച്ചുബാവ പുരസ്‌കാരവും കേരളീയ സമൂഹത്തിനു മുന്നില്‍ ദലയ്ക്ക് അംഗീകാരം നേടിക്കൊടുത്തു. ദല മാതൃഭാഷ പുരസ്‌കാരം, സാഹിത്യ ചിത്രരചനാ മത്സരങ്ങള്‍, ദല യുവജനോത്സവം, ദല കേരളോത്സവം എന്നിവ വാര്‍ഷിക കലണ്ടറിലെ മുഖ്യ ഇനങ്ങളാണ്. സംഗീത പ്രേമികളുടെ പ്രശംസയ്ക്ക് വിധേയമായ ദല സംഗീതോത്സവം ചെമ്പൈ സംഗീതോത്സവത്തിന്റെ തൊട്ടുപിന്നിലായി സ്ഥാനം നേടിയിരിക്കുന്നു.