ധര്‍മ്മശാല: ടിബറ്റന്‍ രാഷ്ട്രീയനേതൃസ്ഥാനത്തുനിന്നും ഒഴിയാനുള്ള തീരുമാനം ദലൈലാമ ടിബറ്റന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ടിബറ്റുകാര്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുന്ന നേതാവിന് അധികാരം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടിബറ്റന്‍ രാഷ്ട്രീയനേതൃസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതായി ദലൈലാമ വ്യാഴാഴ്ച അറിയിച്ചിരുന്നു. തന്നെ സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന സന്ദേശം ദലൈലാമ പാര്‍ലമെന്റിന് കൈമാറി. സ്പീക്കര്‍ പെന്‍മ സെറിങ് ഈ അപേക്ഷ ഇന്നത്തെ പാര്‍ലമെന്റില്‍ വായിക്കും.

പാര്‍ലമെന്റ് ഈ തീരുമാനം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്. ദലൈലാമയില്ലാതെ ടിബറ്റന്‍ സര്‍ക്കാരിന് നിയമസാധുതയുണ്ടാവില്ലെന്നാണ് മുന്‍നിര അധികാരികളുടെ ഭാഷ്യം. ദലൈലാമയെയും പുറത്താക്കപ്പെട്ട ടിബറ്റന്‍മാരെയും ഒരുപോലെ തൃപ്തിപ്പെടുക്കുന്ന തീരുമാനം സര്‍ക്കാര്‍ എടുക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി സാന്റോഗ് റിംപോച്ചെ പറഞ്ഞു. ദലൈലാമ തീരുമാനം മാറ്റാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു.

ടിബറ്റുകാരെ അംഗീകരിക്കില്ലെന്നും യാതൊരു സഹായവും നല്‍കില്ലെന്നുമുള്ള നിലപാടിലാണ് ചൈനീസ് അധികാരികള്‍. എന്നാല്‍ ദലൈലാമ സ്ഥാനമൊഴിയുന്നതോടെ ടിബറ്റുകാരും ചൈനയും തമ്മിലുള്ള സംഭാഷണങ്ങളുടെ ഭാവി എന്താകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.