എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി: ഡി.വൈ.എഫ്.ഐ മാര്‍ച്ചിന് നേരെ പോലീസിന്റെ ഗ്രനേഡും ജലപീരങ്കിയും
എഡിറ്റര്‍
Friday 8th February 2013 12:54pm

തിരുവനന്തപുരം: നിയമസഭയ്ക്ക് മുന്നില്‍ ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ രാജി ആവശ്യപ്പെട്ടാണ് മാര്‍ച്ച്.

Ads By Google

ഡി.വൈ.എഫ്.ഐ മാര്‍ച്ച് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിന് അടുത്ത് വെച്ച് പോലീസ് തടഞ്ഞു. വലിയ പോലീസ് സന്നാഹമായിരുന്നു ഒരുക്കിയത്. പോലീസ് 4 റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു. സംഭവത്തില്‍ വഴിയാത്രക്കാരിയുള്‍പ്പെടെ ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യുവമോര്‍ച്ച മാര്‍ച്ചിനെതിരെയും ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഇത് നേരിയ സംഘര്‍ഷവാസ്ഥയ്ക്ക് ഇടയാക്കി. ഇതിന് ശേഷമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
മാര്‍ച്ച് നടത്തിയത്. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

എം.എല്‍.മാരെ ആക്രമിച്ച പോലീസുദ്യോഗസ്ഥന്‍മാര്‍ക്ക് സമരക്കാരെ അടിച്ചമര്‍ത്താനുള്ള നിര്‍ദേശം കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് നീതി ലഭിക്കാനും കേരളത്തിലെ സഹോദരിമാരുടെ മാനം കാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

എന്നാല്‍ അതിനെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്ത് തന്നെ സംഭവിച്ചാലും സമരരംഗത്ത് നിന്നും പിറകോട്ടില്ലെന്നും സമരത്തെ അടിച്ചമര്‍ത്താന്‍ ആരും നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ പി.ജെ കുര്യന്റെ വീട്ടിലേക്ക് വനിതാസംഘടനയും മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പി.ജെ കുര്യന്റെ പത്തനംതിട്ട വെണ്ണിക്കുളം പടുതോട്ടിലെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തിയത്.

മഹിളാമോര്‍ച്ചയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഗേറ്റിന് മുന്‍പില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസുമായി ചെറിയ തോതില്‍ ഉന്തും തളളുമുണ്ടാക്കിയെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.

തുടര്‍ന്ന് വീടിന് മുന്‍പില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തി. പി.ജെ കുര്യന്‍ വീട്ടിലുണ്ടെന്ന് കരുതിയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഇനി അദ്ദേഹം പത്തനംതിട്ടയില്‍ എത്തുമ്പോള്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. മാര്‍ച്ചിന്റെ വിവരം നേരത്തെ അറിഞ്ഞ പോലീസ് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്.

Advertisement