കണ്ണൂര്‍: എമേര്‍ജിങ് കേരള പരിപാടിയില്‍ ഒട്ടേറെ ദുരൂഹതകള്‍ ഉണ്ടെന്ന് ഡി.വൈ.എഫ്.ഐ. പരിപാടി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും നേതൃത്വം അറിയിച്ചു.

Ads By Google

എമേര്‍ജിങ്  കേരള എന്ന ആശയത്തോട് എതിര്‍പ്പില്ല. എന്നാല്‍ കേരള മോഡല്‍ വികസനത്തെ ചവറ്റുകൊട്ടയില്‍ എറിയുന്ന പരിപാടിയാണിത്. അതിനാല്‍ തന്നെ എമേര്‍ജിങ് കേരള നടപ്പിലാക്കാന്‍ അനുവദിക്കില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തെറ്റായ പദ്ധതി കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അത് എന്തിന് ഈ സര്‍ക്കാര്‍ ചുമലിലേറ്റണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷും പ്രസിഡന്റ് എം. സ്വരാജും ചോദിച്ചു.

എമേര്‍ജിങ് കേരളയ്ക്ക് തുടക്കം കുറിക്കുന്ന 12ന് വില്ലേജ് കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനവും കൊച്ചിയില്‍ പ്രതിഷേധ കൂട്ടായ്മയും 30ന് വാഗമണ്ണിലേയ്ക്ക് മാര്‍ച്ചും സംഘടിപ്പിക്കുമെന്നും അറിയിച്ചു.

കേരളത്തിലെ മനുഷ്യനോ, പരിസ്ഥിതിയോ ഒരു പദ്ധതിക്കും തടസമാകില്ലെന്ന സന്ദേശം കോര്‍പറേറ്റുകള്‍ക്ക് നല്‍കാനാണ് ഈ നീക്കം. പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടിക വെട്ടിച്ചുരുക്കി കേന്ദ്രമനുഷ്യാവകാശ കമ്മിഷനെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.