എഡിറ്റര്‍
എഡിറ്റര്‍
കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു
എഡിറ്റര്‍
Monday 11th February 2013 10:35am

 

തിരുവനന്തപുരം: കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു.

Ads By Google

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെങ്കിലും രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനം മൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

മരണസമയത്ത് അദ്ദേഹത്തോടൊപ്പം സഹോദരിയും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണി വരെ തിരുവനന്തപുരം വി.ജെ.ടി ഹാളിലും 3.30 മുതല്‍ 4.30 വരെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

5 മണിക്ക് കൊല്ലത്തേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം 6;45 വരെ കൊല്ലത്തെ സാംസ്‌ക്കാരിക ലൈബ്രറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 8.30 ന് കുടുംബവീടായ പടിഞ്ഞാറെ കല്ലറയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് പടിഞ്ഞാറെ കല്ലറയിലുള്ള കുടുംബവീട്ടില്‍ മൃതദേഹം സംസ്‌ക്കരിക്കും.

രണ്ട് ദിവസം മുന്‍പാണ് വിനനയചന്ദ്രനെ തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിന് സമീപത്തെ വാടകവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഇവിടെ അദ്ദേഹം ഒറ്റയ്ക്കാണ് താമസം.

നിരന്തരമായി ഫോണ്‍ വിളിച്ചിട്ടും എടുക്കാതെ വന്നതിനെ തുടര്‍ന്ന് ചില സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം തീരെ അവശനായി കട്ടിലില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇടപ്പഴഞ്ഞിയിലെ എസ്.കെ ആശുപത്രിയില്‍ എത്തിക്കുയായിരുന്നു.

രാവിലെ തന്നെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്ന് പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. കൂട്ടിന് ആരുമില്ലാതിരുന്നതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിപ്പോയത് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിലായിരുന്നു വിനയചന്ദ്രന്‍ ജനിച്ചത്. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.

വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ല്‍ എം.ജി. യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അദ്ധ്യാപകനുമായിരുന്നു.

ജോലിയില്‍ നിന്ന് വിരമിച്ച ഇദ്ദേഹം മുഴുസമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകി. അവിവാഹിതനായിരുന്നു.

1992 ല്‍  ‘നരകം ഒരു പ്രേമകഥയെഴുതുന്നു’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 2003 ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചു.

റഷ്യന്‍ കവിതകള്‍ മലയാളത്തിലേക്കു പരിചയപ്പെടുത്തുന്നതിന് വഹിച്ച സംഭാവനകള്‍ പരിഗണിച്ച് റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ  സെര്‍ഗെയ് യെസിനിന്‍ അവാര്‍ഡിനു ഡി. വിനയചന്ദ്രന്‍ അര്‍ഹനായിരുന്നു.

നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെ കവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം സമസ്തകേരളം പി.ഒ. എന്നീ കവിതാസമാഹാരങ്ങളും

പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍) പേരറിയാത്ത മരങ്ങള്‍ (കഥകള്‍)വംശഗാഥ (ഖണ്ഡകാവ്യം) കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ) നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ) ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ) ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം) ദിഗംബര കവിതകള്‍ (പരിഭാഷ) തുടങ്ങി നിരവധി കൃതികള്‍ ഡി. വിനയചന്ദ്രന്റേതായി സാഹിത്യ ലോകത്തിന് ലഭിച്ചിട്ടുണ്ട്.

 

Advertisement