D-R-Karthikeyanന്യൂദല്‍ഹി: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ലഘൂകരിച്ച് നല്‍കുന്നതില്‍ തനിക്ക് സന്തോഷമാണുള്ളതെന്ന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.ആര്‍. കാര്‍ത്തികേയന്‍. പ്രാദേശിക വികാരം പരിഗണിച്ച് തീരുമാനമെടുക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നതിനാല്‍ രാജ്യത്ത് വധ ശിക്ഷ സംബന്ധിച്ച് നയം വ്യക്തമാക്കാന്‍ പാര്‍ലിമെന്റ് പ്രത്യേക സമ്മേളനം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ വ്യക്തിപരമായി ഒരു വിദ്വേഷവും എനിക്ക് അവരോടില്ല. ഞാനെന്റെ ജോലി ചെയ്തുവെന്ന് മാത്രം. സര്‍ക്കാറിനെ അവരുടെ ജോലി ചെയ്യാനും അനുവദിക്കണം. അവരുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ. കഴിഞ്ഞ 20 വര്‍ഷമായി അവര്‍ ജയിലിലാണ്. 11 വര്‍ഷമായി അവരുടെ ദയാഹരജി പ്രസിഡന്റിന്റെ മുമ്പിലിരുന്നതാണ്. ദീര്‍ഘകാലമായി അവര്‍ അനിശ്ചിതത്വത്തില്‍ കഴിയുകയാണ്’ – അദ്ദേഹം വ്യക്തമാക്കി.

1991 മെയ് 21ന് രാജീവ്ഗാന്ധി കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി കാര്‍ത്തികേയന്‍ ചുമതലയേറ്റത്. സംഭവം കഴിഞ്ഞ ഒരു വര്‍ഷം തികയുന്നതിന് മുമ്പ് 1992 മെയ് 20ന് അവര്‍ 41 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.