കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതലയില്‍ നിന്നും ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരനെ ഒഴിവാക്കാന്‍ നീക്കം. പദ്ധതിയില്‍ നിന്നും ഡി.എം.ആര്‍.സി പിന്മാറുന്നതായാണ് സൂചന. ഇന്നലെ നടന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിലും ഡി.എം.ആര്‍.സി ഈ സൂചനയാണ് നല്‍കുന്നത്.

Subscribe Us:

ഇ.ശ്രീധരനെ കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതലയില്‍ നിന്നും ഒഴിവാക്കാന്‍ ഭരണ തലത്തില്‍ തന്നെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സി.പി.ഐ.എമ്മും ബി.ജെ.പിയും ആരോപിച്ചു.

Ads By Google

അതേസമയം കൊച്ചി മെട്രോയുടെ നടത്തിപ്പിന് ഇ.ശ്രീധരന്‍ തന്നെ വേണമെന്നാണ് അഭിപ്രായമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. പദ്ധതി നടത്തിപ്പ് ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡി.എം.ആര്‍.സി ആണെന്നും ആര്യാടന്‍ പറഞ്ഞു.

കൊച്ചി മെട്രോ റെയില്‍ നിര്‍മാണ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണെന്ന് കൊച്ചി മെട്രോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിരുന്നു.

കൊച്ചിയിലെ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡി.എം.ആര്‍.സി.) ഒഴിവാക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. പദ്ധതി റിപ്പോര്‍ട്ട് കാലോചിതമായി പരിഷ്‌കരിക്കാനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായിരുന്നു.

കൊച്ചിയിലെ പദ്ധതിയുടെ നിര്‍മാണ ചുമതല ഏറ്റെടുക്കണമോയെന്ന് അടുത്ത മാസം ചേരുന്ന ഡി.എം.ആര്‍.സി. ബോര്‍ഡ് യോഗം തീരുമാനിക്കുമെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറിയും കെ.എം.ആര്‍.എല്‍. ചെയര്‍മാനുമായ ഡോ. സുധീര്‍ കൃഷ്ണ പറഞ്ഞു. ഡി.എം.ആര്‍.സി.യുടെ ചെയര്‍മാനും സുധീര്‍കൃഷ്ണ തന്നെയാണ്.

ദല്‍ഹിക്ക് പുറത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ഡി.എം.ആര്‍.സി.ക്ക് ആവശ്യമാണെന്ന് സുധീര്‍ കൃഷ്ണ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന ഡി.എം.ആര്‍.സി. യോഗത്തിലാണ് ഈ നിബന്ധന കൊണ്ടുവന്നത്. ഇതനുസരിച്ച് കൊച്ചിയിലെ പദ്ധതി ഏറ്റെടുക്കണോയെന്ന് ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിക്കും.