എഡിറ്റര്‍
എഡിറ്റര്‍
അഴഗിരിയുടെ അഞ്ച് അനുയായികളെ ഡി.എം.കെയില്‍നിന്ന് പുറത്താക്കി
എഡിറ്റര്‍
Thursday 9th January 2014 8:17pm

karunanidhi-true

ചെന്നൈ: ഡി.എം.കെയില്‍ ഗ്രൂപ്പ് യുദ്ധം മുറുകുന്നതിനിടെ കരുണാനിധിയുടെ മകന്‍ എം.കെ അഴഗിരിയുടെ ഏറ്റവും അടുത്ത അഞ്ച് അനുയായികളെ കരുണാനിധി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

പാര്‍ട്ടിയുടെ അനുമതിയില്ലാതെ മധുരയില്‍ പോസ്റ്ററുകള്‍ പതിച്ചതിനാണ് നടപടി. ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമായതിനെത്തുടര്‍ന്ന് അഴഗിരിയുടെ നേതൃത്വത്തിലുള്ള മധുര ജില്ലാഘടകം കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം പിരിച്ചുവിട്ടിരുന്നു.

പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ ഡിസംബര്‍ 15ന് ചെന്നൈയില്‍ നടന്നപ്പോള്‍ എം.കെ അഴഗിരി മധുരയില്‍ നടത്തിയ പരാമര്‍ശവും അഴഗിരിയുടെ അനുയായികള്‍ മധുരയില്‍ പതിച്ച പോസ്റ്ററുമാണ് പാര്‍ട്ടിഘടകം പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്.

ഡിസംബര്‍ 15ന് നടന്ന പാര്‍ട്ടി ജനറല്‍കൗണ്‍സില്‍ യോഗത്തില്‍ അഴഗിരി പങ്കെടുത്തിരുന്നില്ല. എം.കെ. അഴഗിരി, എം.കെ. സ്റ്റാലിന്‍, കരുണാനിധി എന്നിവര്‍ ഒന്നിച്ചിരിക്കുന്ന പോസ്റ്ററുകള്‍ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിന് സമീപം പതിക്കുകയും ചെയ്തിരുന്നു.

അഴഗിരിയുടെ ജന്മദിനമായ ജനുവരി 30ന് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ മധുരയില്‍ നടക്കുമെന്നും പോസ്റ്ററില്‍ ഉള്‍പ്പെടുത്തി.

കരുണാനിധിയുടെ തുടര്‍ച്ചയായുള്ള മുന്നറിയിപ്പ് വകവെക്കാതെ മധുരയില്‍ അഴഗിരിയുടെ അനുയായികള്‍ പാര്‍ട്ടി താത്പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതോടെയാണ് മധുരഘടകം പിരിച്ചുവിട്ടുകൊണ്ട് പാര്‍ട്ടി ജനറല്‍സെക്രട്ടറി അന്‍പഴകന്‍ ഉത്തരവിട്ടത്.

പിരിച്ചുവിട്ട കമ്മിറ്റിക്ക് പകരമായി ജി. ദളപതിയുടെ നേതൃത്വത്തില്‍ ആറംഗ കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്.

എല്ലാവരും എം.കെ സ്റ്റാലിന്റെ അനുയായികളാണ്. നവതിയിലെത്തിനില്‍ക്കുന്ന കരുണാനിധി തന്റെ പിന്‍ഗാമിയായി എം.കെ സ്റ്റാലിനെ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ അഴഗിരി ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയ പരാജയം എറ്റുവാങ്ങിയപ്പോള്‍ ഡി.എം.കെയുടെ സൗത്ത് ഓര്‍ഗനൈസിങ് സെക്രട്ടറിയായി എം.കെ. അഴഗിരിയെ നിയമിച്ചിരുന്നു.

എന്നാല്‍ പിന്നീട് ശ്രീലങ്കന്‍ തമിഴ്പ്രശ്‌നത്തില്‍ യു.പി.എ.സര്‍ക്കാറില്‍നിന്ന് ഡി.എം.കെ. മന്ത്രിമാരെ പിന്‍വലിച്ചതിനുശേഷം മുന്‍ കേന്ദ്രമന്ത്രികൂടിയായ അഴഗിരി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നില്ല.

ഡി.എം.ഡി.കെ ലീഡര്‍ വിജയ്കാന്തിനെ ഒരിക്കലും താന്‍ അംഗീകരിക്കില്ലെന്നും അദ്ദേഹത്തിന് രാഷ്ടീയ മര്യാദ അറിയില്ലെന്നും ഒരു അഭിമുഖത്തില്‍ അഴഗിരി പറഞ്ഞതിനെ കരുണാനിധി കരുണാനിധി നിശിതമായി വിമര്‍ശിച്ചിരുന്നു.

അഴഗിരിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കുമെന്നും കരുണാനിധി പ്രസ്താവിച്ചിരുന്നു.

Advertisement