ന്യൂദല്‍ഹി: വിമാനയാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡി.ജി.സി.എ) കൂടുതല്‍ അധികാരങ്ങളോടെ പുന:സംഘടിപ്പിക്കുന്നു.  ഇതോടെ പേര്  സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.സി.എ) എന്നായി മാറും.

Ads By Google

ഡി.ജി.സി.എയെ സ്വതന്ത്രാധികാരങ്ങളോടെ സ്വയംഭരണ സംവിധാനമായി മാറ്റാനാണ് പദ്ധതി. ഇതുസംബന്ധിച്ച ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

നിലവില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കീഴിലാണ് ഡി.ജി.സി.എ പ്രവര്‍ത്തിക്കുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും നിരീക്ഷണവും നിര്‍വഹിച്ച് യാത്രക്കാരുടെ സുരക്ഷയും അവര്‍ക്ക് ലഭിക്കേണ്ട സേവനങ്ങളും ഉറപ്പാക്കുകയാണ് ഡി.ജി.സി.എയുടെ ചുമതല.

യാത്രക്കാരെയോ, വിമാന സര്‍വീസ് മേഖലയെയോ ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങളില്‍ ഇടപെട്ട് റദ്ദാക്കാന്‍ ഡി.ജി.സി.എക്ക് അധികാരമുണ്ട്.     ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയം എടുക്കുന്ന തീരുമാനങ്ങളും ഡി.ജി.സി.എ നിരീക്ഷിക്കും.

സ്വകാര്യ വിമാനക്കമ്പനികളുടെ മത്സരം മുറുകുകയും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുകയം ചെയ്ത സാഹചര്യത്തില്‍ ഡി.ജി.സി.എയെ വ്യോമയാന മന്ത്രാലയത്തിന്റെ കീഴില്‍ നിന്ന് മാറ്റണമെന്ന നിര്‍ദേശം നേരത്തേ ഉയര്‍ന്നിരുന്നു.

നിര്‍ദിഷ്ട സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ചെയര്‍മാന്‍, ഡയറക്ടര്‍ ജനറല്‍ എന്നിവക്കു പുറമെ ഒമ്പത് അംഗങ്ങളുമുണ്ടാകും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിയമനം നടത്തുക.

അതോറിറ്റിയുടെ പ്രവര്‍ത്തന ചെലവ് സ്വയം കണ്ടെത്തണം. അതിനായി ഒരു വിമാന ടിക്കറ്റിന്  അഞ്ചു രൂപ വീതം അധികം ഈടാക്കാനാണ് കരട് ബില്ലിലെ നിര്‍ദേശം.