കോഴിക്കോട്: അഭിപ്രായസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചതില്‍ കുത്തകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദം നേരിടുന്ന വിക്കിലീക്‌സിന് പിന്തുണയുമായി മലയാളികളും രംഗത്തെത്തി. മിറര്‍ സൈറ്റുകളും ലേഖനങ്ങളുമായി വിക്കിലീക്‌സിന് എല്ലാവിധ പിന്തുണയും ഇവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഹാക്കര്‍ ആക്രമണങ്ങളും സാമ്പത്തിക സ്രോതസ്സുകളെ തടഞ്ഞുമുള്ള നടപടികളാണ് പ്രധാനമായും വിക്കിലീക്‌സ് ഇപ്പോള്‍ നേരിടുന്നത്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍തന്നെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. തുടര്‍ന്ന് ലോകമാസകലം വിക്കിലീക്‌സിന്റെ മിററുകളും റീഡയറക്ടുകളും വന്നു തുടങ്ങിയിട്ടുണ്ട്. ഇതുവരെയായി 1300 ലധികം സൈറ്റുകള്‍ ഇതില്‍ അണിചേര്‍ന്നിട്ടുണ്ട്.

മലയാളം കമ്പ്യൂട്ടിംഗ് പ്രവര്‍ത്തകരായ സെബിന്‍ എബ്രഹാം ജേക്കബ്, അനിവര്‍ അരവിന്ദ് തുടങ്ങിയവരാണ് ഈ ഉദ്യമത്തില്‍ ഏറ്റവുമൊടുവിലായി പങ്കുചേര്‍ന്നിരിക്കുന്നത്.

വിക്കീലീക്‌സിന് പിന്തുണ പിന്‍വലിച്ച സൈറ്റുകള്‍ക്കുനേരെ വ്യാപകമായ ആക്രമണമുണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. ‘അനോനിമസ്’ എന്ന സംഘമാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. വിക്കിലീക്‌സിനുള്ള സാമ്പത്തിക സ്രോതസ്സായിരുന്ന ‘പേ പാല്‍’ ആണ് ആദ്യം ഇവരുടെ അക്രമണത്തിന് ഇരയായത്.

അസാന്‍ജെയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീകളുടെ അഭിഭാഷകരുടെ സൈറ്റിനു നേരെയും, വിക്കിലീക്‌സിനെ എതിര്‍ക്കുന്ന സൈറ്റുകള്‍ക്കുനേരെയും ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

തിരിച്ചടിക്കുള്ള സമയം, ഇന്‍ഫോവാര്‍ തുടങ്ങി