കോഴിക്കോട്: തിരുവോണദിനത്തില്‍ ചാനല്‍ പരിപാടിക്കിടെ ബീഫ് കഴിച്ചെന്ന പേരില്‍ ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭിയ്‌ക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ അക്രമം. മീഡിയ വണ്‍ ചാനലില്‍ സുരഭി ലക്ഷ്മി അവതരിപ്പിച്ച ‘സുരഭിയുടെ ഓണ’മെന്ന പരിപാടിയില്‍ ഓണപരിപാടിക്കിടെ ബീഫും പൊറാട്ടയും കഴിച്ചതിനാണ് നടിയ്‌ക്കെതിരെയും ചാനലിനെതിരെയും സമൂഹമാധ്യമങ്ങളില്‍ അസഭ്യവര്‍ഷം നടത്തുന്നത്.

തിരുവോണ ദിവസം ബീഫ് കഴിച്ച സുരഭി പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോയെന്നാണ് ഇവരുടെ ചോദ്യം. ഓണ ദിവസം ബീഫ് കഴിക്കുന്ന പരിപാടി ടിവിയില്‍ അവതരിപ്പിച്ചത് ഹിന്ദുക്കളെ അപമാനിക്കാനാണെന്നാണ് സംഘപരിവാര്‍ വാദം.


Also Read: ‘നീയെന്താ പോണ്‍ സ്റ്റാറാണോ, ഈ ചിത്രം ഉടനെ ഡിലീറ്റ് ചെയ്യണം’; ഇന്ത്യന്‍ നായിക മിതാലി രാജിനെ സംസ്‌കാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍


സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നടിയെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. കാവിപ്പട ഗ്രൂപ്പില്‍ ആദ്യം കണ്ട പോസ്റ്റ് മറ്റു ഗ്രൂപ്പുകളിലേയ്ക്കും പ്രചരിക്കുന്നുണ്ട്. പരിപാടിയുടെ ദൃശ്യം പോസ്റ്റ് ചെയ്ത ചാനലിന്റെ ഫേസ്ബുക്ക് പോസ്റ്റിലും വിദ്വേഷ കമന്റുകള്‍ നിറയുന്നുണ്ട്.

ചാനലില്‍ അവതരിച്ച പരിപാടിയില്‍ കടയില്‍ നിന്ന് പൊറോട്ടയും ബീഫും കഴിച്ചതിന് ശേഷം ഭക്ഷണത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞതുമാണ് സംഘപരിവാര്‍ സംഘടിത ആക്രമണം നടത്താനുള്ള കാരണം. പരിപാടിയിലെ ഒരു രംഗം മാത്രം അടര്‍ത്തിയെടുത്താണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം.