കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച വാര്‍ത്തയോടനുബന്ധിച്ച് കാര്‍ട്ടുണിസ്റ്റ് നിപിന്‍ നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സംഘപരിവാറുകാരുടെ ആക്രമണം. 30 കുഞ്ഞുങ്ങളുടെ ഭാരതം എന്ന ടാഗ്‌ലൈനോടുകൂടി നിപിന്‍ വരച്ച ചിത്രത്തിനുതാഴെയാണ് സൈബര്‍ ആക്രമണം.

കേരളത്തില്‍ 500 പേര്‍ പനി ബാധിച്ച് മരിച്ചപ്പോള്‍ പെന്‍സിലിന്റെ മുന ഒടിഞ്ഞുപോയോ എന്നാണ് കമന്റ്. മറ്റു ചിലര്‍ കുഞ്ഞുങ്ങള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് മരിച്ചതെന്ന വാര്‍ത്തയുമായാണ് കമന്റ് ചെയ്യുന്നത്.


Also Read: ‘അര്‍ണാബ് നിങ്ങള്‍ ഏറ്റവും വലിയ അവസരവാദിയാണ്’;അര്‍ണബിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് പതിനെട്ടുകാരന്‍,വീഡിയോ കാണാം


അട്ടപ്പാടിയിലെ ശിശുമരണത്തെയും ചിലര്‍ കമന്റിലേയ്ക്ക് കൊണ്ടു വരുന്നുണ്ട്. തീര്‍ത്തും രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടിയുള്ള പ്രതികരണമെന്നാണ് മറ്റ് ചിലരുടെ കമന്റ്.

കമന്റുകള്‍ക്ക് മറുപടിയുമായി നിപിന്‍ വരച്ച ‘മുപ്പതെന്ന് പറയുമ്പോള്‍ അവര്‍ പറയുന്നു അഞ്ഞൂറിനേക്കാള്‍ എത്രയോ കുറവെന്ന്’ എന്ന ചിത്രത്തിലും ഇത്തരം കമന്റുകള്‍ നിറയുന്നുണ്ട്. ഉത്തര്‍പ്രദേശിലെ കുട്ടികളെന്ന പറയുമ്പോള്‍ രാഷ്ട്രീയം പറയുന്നെന്നും യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പറയുമ്പോള്‍ റൊമാന്റിസൈസ് ചെയ്യുന്നെന്നുമുള്ള ടാഗ്‌ലൈനോടുകൂടിയാണ് നിപിന്‍ രണ്ടാമത്തെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.