ന്യൂദല്‍ഹി: കോമണ്‍െവെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്രം നീക്കം തുടങ്ങി. ദല്‍ഹി വികസന അതോറിറ്റിക്കെതിരേയും സംഘാടകസമിതിക്കെതിരേയും വിദേശവിനിമയ കരാര്‍ ലംഘനത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ക്വീന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് നടത്തിയ വിദേശവിനിമയ കരാറുകളുടെ എല്ലാ രേഖകളും ഹാജരാക്കാന്‍ സംഘാടക സമിതിക്ക് നിര്‍ദ്ദേശം നല്‍കി.

സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡീറ്റര്‍ ജനറല്‍ ( സി എ ജി ) എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണമാണ് നടക്കുന്നത്. അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വ്യാപക റെയ്ഡ് നടന്നിരുന്നു. ബി ജെ പി നേതാവും വ്യവസായിയുമായ സുധാംശു മിത്തലിന്റെ വീടുകളിലും വ്യാപാരകേന്ദ്രങ്ങളിലും ആദായി നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ഗെയിംസിന് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയ ദീപാലി കണ്‍സോഷ്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരാണ് ഇരുവരും. ഗെയിംസ് സംഘാടക സമിതി അംഗം ഹരിഷ് ശര്‍മയുടെ വസതിയിലും പരിശോധന നടത്തിയിട്ടുണ്ട്. ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട ആളുകളുടേയും വ്യക്തികളുടേയും ഓഫീസുകളിലും വീടുകളിലും റെയ്ഡ് വ്യാപകമാക്കിയിട്ടുണ്ട്.

അതിനിടെ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് ബി ജെ പി പ്രസിഡന്റ് നിതിന്‍ ഗാഡ്ക്കരി ആരോപണമുന്നയിച്ചിട്ടുണ്ട്. ഗെയിംസിനായി ചിലവഴിച്ച കോടികള്‍ സംഘാടക സമിതിയിലെ പലരുടേയും സ്വിസ് അക്കൗണ്ടുകളിലേക്കാണ് ഒഴുകിയതെന്നും ഗാഡ്ക്കരി ആരോപിച്ചു. അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്.