ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് സംഘാടക സമിതി ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പടെ പല ഉന്നതരെയും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. ക്വീന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സംഘാടക സമിതി ഡയറക്ടര്‍ ജനറല്‍ വി കെ വര്‍മ എന്‍ഫോര്‍സ്മമെന്റ് ഡയറക്ട്രേറ്റിനു മുമ്പാകെ ഹാജരാവുകയായിരുന്നു.

ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക രേഖകളും വര്‍മ ഡയറക്ടറേറ്റിനു മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. സംഘാടകസമിതിയില്‍ നിന്നും പുറത്താക്കപ്പെട്ട ടി എസ് ദര്‍ബാരിയെയും ചോദ്യം ചെയ്തിട്ടുണ്ട്. ഗെയിംസിന്റെ ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ എം ഫിലിംസ് എന്ന കമ്പനിയുമായി അനധികൃതമായി കരാര്‍ ഉണ്ടാക്കി എന്ന് ആരോപണമുയര്‍ന്നിരുന്നു.