ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും ഗെയിംസ് നടത്തിപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്നും സിഎജി റിപ്പോര്‍ട്ട്. ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) പെര്‍ഫോമന്‍സ് ഓഡിറ്റ്  റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു.

നടപടി ക്രമത്തിലെ വീഴ്ചയും, കാലതാമസവുമായിരുന്നു ഗെയിംസിന്റെ മുഖമുദ്രയെന്നും. നടത്തിപ്പിലും, സംഘാടനത്തിലും, സാമ്പത്തിക ഇടപാടിലും വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും ഡല്‍ഹി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രത്യേക ശുപാര്‍ശ പ്രകാരമാണ് സുരേഷ് കല്‍മാഡിയെ സംഘാടക സമിതി അധ്യക്ഷനാക്കിയതെന്നും കല്‍മാഡിയുടെ നിയമനത്തിലെ ക്രമക്കേട് കായിക മന്ത്രി സുനില്‍ ദത്ത് ചൂണ്ടിക്കാട്ടിയെങ്കിലും പിഎംഒ പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗെയിംസ് അനുബന്ധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കരാറുകള്‍ ഉറപ്പിക്കുന്നതില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിദ് വഴിവിട്ട് ഇടപെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗെയിംസുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിലെല്ലാം വ്യാപകമായ ക്രമക്കേടു നടന്നിട്ടുണ്ട്. കരാര്‍ നടപടികളൊന്നും സുതാര്യമായിരുന്നില്ല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ സ്വന്തക്കാരുടെ ടെന്‍ഡറുകള്‍ മാത്രമാണ് പരിഗണിച്ചത്. ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനു പണം ലഭ്യമാക്കാതെ തുക സായ് വകമാറ്റി ചെലവഴിച്ചു.
ആശുപത്രികളുടെ നവീകരണത്തിനായി ഉപകരണങ്ങള്‍ വാങ്ങിയത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. ആംബുലന്‍സ് സര്‍വീസ് മെച്ചപ്പെടുത്തുന്ന നടപടികളിലും വന്‍ ക്രമക്കേട് നടന്നിട്ടുണ്ട്.

സുരക്ഷ ക്രമീകരണത്തിനായി ഉപകരണങ്ങള്‍ വാങ്ങിയത് ഉയര്‍ന്ന വില നല്‍കിയാണ്. വാങ്ങിയ ഉപകരണങ്ങളാവട്ടെ പുനരുപയോഗിക്കാതെ കിടക്കുന്നു.എന്നാല്‍ ചെലവ് പൂര്‍ണ്ണമായും കണക്കാക്കാത്തത് കൊണ്ട് ഗെയിംസ് നടത്തിപ്പില്‍ എത്ര രൂപയുടെ നഷ്ടമാണുണ്ടായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നില്ല.