ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പിന് തിരിച്ചടി നല്‍കി പ്രമുഖ സ്‌പോണ്‍സറായ പ്രീമിയം ബ്രാന്‍ഡ് കരാര്‍ പിന്‍വലിച്ചു. കരാര്‍ നടപ്പാക്കുന്നതില്‍ ഗെയിംസ് സംഘാടകസമിതി വീഴ്ച്ച വരുത്തിയെന്നാരോപിച്ചാണ് കമ്പനി പിന്‍മാറിയിരിക്കുന്നത്.

കരാറിലേര്‍പ്പെട്ടതിനാല്‍ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. മേയ് 19 നായിരുന്നു സംഘാടകസമിതിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ മൂന്നുമാസമായിട്ടും കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ സമിതി തയ്യാറായില്ലെന്ന് പ്രീമിയം ബ്രാന്‍ഡ് ചെയര്‍മാന്‍ സുരേഷ് കുമാര്‍ അറിയിച്ചു. എന്നാല്‍ കരാറില്‍നിന്നും കമ്പനി പിന്‍വലിഞ്ഞതിനെക്കുറിച്ച് സംഘാടക സമിതി ഇതുവരെ തയ്യാറായിട്ടില്ല.

അതിനിടെ അഴിമതിയാരോപണങ്ങളില്‍പ്പെട്ട സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ ഗെയിംസ് കഴിയുന്നതുവരെ തത്സ്ഥാനത്ത് തുടരാന്‍ കേന്ദ്രം അനുവദിക്കുമെന്നാണ് സൂചന. അഴിമതിയെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താനും ഗെയിംസിനു ശേഷം നടപടികളെടുക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.