ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കേന്ദ്രസര്‍ക്കാറുമായി കൂടിയാലോചിച്ച ശേഷം മാത്രമാണ് കൈക്കൊണ്ടതെന്ന് സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡി.

സംഘാടക സമിതിയംഗങ്ങളെ മാത്രമാണ് അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്യുന്നത്. സംഘാടകസമതിയിലെ ആളുകളെ തിരഞ്ഞുപിടിച്ച് പ്രതിചേര്‍ക്കുകയാണ്. കായികമന്ത്രാലയമാണ് ഗെയിംസിനായുള്ള എല്ലാ അനുമതികളും നല്‍കിയതെന്നും കല്‍മാഡി വ്യക്തമാക്കി.

ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ശക്തിപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധിക്കാനുതകുന്ന പ്രസ്താവനകളുമായി കല്‍മാഡി രംഗത്തെത്തിയത്.

നേരത്തേ കല്‍മാഡിയുമായി അടുത്ത് ബന്ധപ്പെടുന്നവരും സംഘാടകസമതിയിലെ ഉന്നതരായ ലളിത് ഭാനോട്ടിനെയും വര്‍മ്മയെയും സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. കല്‍മാഡിയെയും ഉടനേ അറസ്റ്റ്‌ചെയ്യുമെന്നാണ് സൂചന.