pathmanabhaswami-templeതിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നാവശ്യപ്പെട്ട് സി.വി ആനന്ദബോസ് ചെയര്‍മാനായ സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഗസ്റ്റ് 23ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഈ മാസം ആദ്യമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി നിലവറ തുറക്കണമെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. നിലവറയില്‍ എന്തൊക്കെയാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് അറിയേണ്ടതുണ്ടെന്നാണ് ഒന്നാമത്തെ കാരണമായി പറയുന്നത്. നിലവറയില്‍ എന്തെല്ലാമുണ്ടെന്നും നിലവറയുടെ സുരക്ഷ എത്രത്തോളമുണ്ടെന്നും മനസിലാക്കിയാല്‍ മാത്രമേ എന്തൊക്കെ സുരക്ഷാ സംവിധാനം എര്‍പ്പെടുത്തേണ്ടതുണ്ടെന്ന് പറയാന്‍ കഴിയൂ. നിലവറയുടെ ചുമരുകള്‍ തുരന്ന് മോഷണം നടക്കാനുള്ള സാധ്യതയുണ്ടെന്നതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുയിരിക്കുന്നത്. അറയിലുള്ള സാധനങ്ങളുടെ അളവും തൂക്കവും നിലവാരവും തിട്ടപ്പെടുത്തേണ്ടതുണ്ടെന്നും സമിതി കോടതിയെ അറിയിച്ചു.

ദേവപ്രശ്‌നത്തില്‍ പറയുന്ന കാര്യം മുഖവിലക്കെടുക്കുന്നില്ല. ബി നിലവറ തുറക്കണമോ എന്ന കാര്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ സമര്‍പ്പിക്കും. അടുത്ത സെപ്റ്റംബറോടെ ബി നിലവറയൊഴികെയുള്ളവ തുറന്ന് സ്വത്ത് തിട്ടപ്പെടുത്താനാവുമെന്നും ആനന്ദബോസ് സമിതി കോടതിയെ അറിയിച്ചു.