കൊച്ചി: വിദേശത്ത് നിന്നും കൊച്ചിയിലേക്ക് ഇ-വേസ്റ്റുകള്‍ ഇറക്കുമതി ചെയ്ത നടപടി വിദേശവ്യാപാര നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമായതായി കസ്റ്റംസ്. ഇ വേസ്റ്റ് ഇറക്കുമതി ചെയ്ത കമ്പനി 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കസ്റ്റംസ് നിര്‍ദേശിച്ചിട്ടുണ്ട്.

കൊച്ചിയിലേക്ക് അമേരിക്കയില്‍ നിന്നും ജര്‍മനിയില്‍ നിന്നുമാണ് അനധികൃതമായി 9000 ഫോട്ടോകോപ്പി പ്രിന്റര്‍ മെഷീനുകള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചിരുന്നത്. ഇത് കസ്റ്റംസ് തടഞ്ഞിരുന്നു. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആറ് കമ്പനികളാണ് ഇവ ഇറക്കുമതി ചെയ്തിരുന്നത്.

കസ്റ്റംസിന്റെ പരിശോധനയില്‍ ഇറക്കുമതി ചെയ്ത മിക്ക ഫോട്ടോകോപ്പിയര്‍ മെഷീനുകളും ‘ഈവെയിസ്റ്റ്’ ഗണത്തിലോ, ‘അദര്‍ വേസ്റ്റ്’ ഗണത്തിലോ പെടുന്നതാണ്. നിയമമനുസരിച്ച് ഇന്ത്യയില്‍ ഇറക്കാന്‍ പാടില്ലാത്തവയാണിത്.


Read more: വികസന വിരുദ്ധരെ മാറ്റി നിര്‍ത്തുമെന്ന് മുഖ്യമന്ത്രി; എതിര്‍പ്പുകള്‍ വകവെയ്ക്കില്ല


സംഭവത്തില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇറക്കുമതി ചെയ്തവ ഇ-വേസ്റ്റല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം കമ്പനികള്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇ- വേസ്റ്റാണെങ്കില്‍ പിഴ ചുമത്തി അതാത് രാജ്യത്തേക്ക് തന്നെ തിരിച്ചയക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കൊല്‍ക്കത്തയില്‍ ഇ വേസ്റ്റ് ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇവ കൊച്ചി തീരത്തേക്ക് എത്തിക്കാന്‍ ശ്രമം നടന്നിരുന്നത്.