മുംബൈ: ഓഹരി കുംഭകോണത്തില്‍ ഉള്‍പ്പെട്ട ഹര്‍ഷദ് മേത്തയുടെ സ്വത്തില്‍ നിന്ന് 650 കോടി രൂപ ബാങ്കുകള്‍ക്കും ആദായനികുതി വകുപ്പിനും മറ്റ് സാമ്പത്തിക പണമിടപാട് സ്ഥാപനങ്ങള്‍ക്കും വിട്ടുകൊടുക്കാന്‍ മുംബൈ പ്രത്യേക കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു.

28.34 കോടി ആദായനികുതി വകുപ്പിനും 259.65 കോടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കും 16.25 കോടി എസ്ബിഐ ലൈഫിനും 345.76 കോടി രൂപ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിനും വിട്ട് കൊടുക്കാനാണ് മുംബൈ പ്രത്യേക കോടതി ഉത്തരവിട്ടത്.

ഹര്‍ഷദ് മേത്തയുടെ ഗ്രൂപ്പില്‍ നിന്ന് സര്‍ക്കാര്‍ കണ്ടുകെട്ടിയ സ്വത്ത് ധനമന്ത്രാലയം നിയമിച്ച റിസീവറുടെ ശുപാര്‍ശയനുസരിച്ചാണ് വിവിധ കടക്കാര്‍ക്കായി വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഹര്‍ഷദ് മേത്ത ഗ്രൂപ്പിന്റെ കടബാധ്യതകളിലേക്ക് ഇത് രണ്ടാം തവണയാണ് ഇപ്രകാരം തുക അനുവദിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ 2,200 കോടി രൂപ ഇപ്രകാരം നല്‍കിയിരുന്നു. ഇതില്‍ 2000 കോടി ആദായനികുതി വകുപ്പിനും ബാക്കി എസ്ബിഐക്കുമായിരുന്നു ലഭിച്ചത്.