എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്ടില്‍ വ്യാപക അഴിമതി
എഡിറ്റര്‍
Thursday 7th November 2013 11:10am

c-apt

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്ടില്‍ ( Kerala State Centre for Advanced Printing & Train-ing ) വ്യാപക അഴിമതി. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് തിരിമറി കണ്ടെത്തിയത്.

കാഷ് വൗച്ചറുകളിലും ചെക്കുകളിലും ലക്ഷങ്ങളുടെ അഴിമതി നടത്തി. സര്‍ക്കാര്‍ പണം വ്യാപകമായി ദുരുപയോഗം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കമ്പ്യൂട്ടറുകള്‍ വാങ്ങിയതിലും വാങ്ങനങ്ങള്‍ വാടകയ്ക്ക് ഉപയോഗിച്ച വകയിലും വന്‍ തിരിമറിയാണ് നടത്തിയത്. സ്ഥാപനത്തിന്റെ മുന്‍ എം.ഡിയായ രാജശ്രീ അജിത്തിന് സംഭവത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

2009-10 കാലഘട്ടത്തില്‍ നടത്തിയ ക്രമക്കേടിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് ധനകാര്യ വകുപ്പിന്റെ പ്രിന്‍സിപ്പില്‍ സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്.

അതിഥി സത്ക്കാരത്തിനായി 2, 10000 രൂപയാണ് ചിലവാക്കിയതെന്ന് രേഖയില്‍ കാണിക്കുമ്പോഴും അത് തെളിയിക്കുന്ന വൗച്ചറുകളൊന്നും സ്ഥാപനം സമര്‍പ്പിച്ചിട്ടില്ല.

സി ആപ്ടിന് സ്വന്തമായി അഞ്ച് വാഹനങ്ങള്‍ ഉണ്ടായിരുന്നിട്ടും പുറത്ത് നിന്ന് കാറുകള്‍ വാടകയ്ക്ക് വിളിക്കുകയായിരുന്നു. ആഡംബരക്കാറുകളാണ് വാടകയ്ക്ക് വിളിച്ചിരുന്നത്.

ഇതില്‍ നിരന്തരം യാത്രകള്‍ നടത്തിയിരുന്നതായും ഈ വകയില്‍ 2, 50000 ചെലവായതായും കാണിക്കുന്നു. എന്നാല്‍ യാത്രാ രേഖകളൊന്നും തന്നെ ഹാജരാക്കിയിട്ടുമില്ല.

അതുപോലെ രജിസ്റ്ററുകളില്‍ വന്‍ ക്രമേക്കേടാണ് നടത്തിയിരിക്കുന്നത്. സ്‌റ്റോക്ക് ലിസ്റ്റുകളിലും പ്രിന്റിങ് ലിസ്റ്റുകളും ഒന്നും സമര്‍പ്പിക്കാതെ ധനതത്വങ്ങളുടെ വന്‍ ലംഘനമാണ് സി ആപ്ട് നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടപാടുകള്‍ സംബന്ധിച്ച് അടിയന്തര നടപടി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടിയൊന്നും എടുത്തില്ലെന്ന് ആരോപണമുണ്ട്.

റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പൂഴ്ത്തിയെന്നാണ് ആരോപണം.

Advertisement