തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന നടപടി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധച്ചതായി ആസൂത്രണ ബോര്‍ഡ്. 2015 ഡിസംബറിനെ അപേക്ഷിച്ച് 2016 ഡിസംബറില്‍ 0.49 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യ നികുതിയില്‍ 1.69 ശതമാനത്തിന്റെ കുറവും സ്റ്റാമ്പ് ഡ്യൂട്ടിയില്‍ 17.52, രജിസ്‌ട്രേഷനില്‍ 10.62ശതമാനം കുറവും രേഖപ്പെടുത്തി.


Also read അനധികൃത സ്വത്ത് സമ്പാദനം; സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ജയലളിതയുടെ ചിത്രങ്ങള്‍ ഒഴിവാക്കും 


 

നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം പഠിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തല്‍. തല്‍സ്ഥിതി തുടര്‍ന്നാല്‍ നികുതി വരുമാനത്തില്‍ വലിയ തോതിലുള്ള ഇടിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 ജൂലായ്-ഒക്ടോബര്‍ കാലയളവില്‍ ശരാശരി നികുതിവരുമാനം വളര്‍ച്ചയിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ നോട്ട് നിരോധനം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇത് നെഗറ്റീവ് 7.83 ശതമാനമായി കുറച്ചു.

പ്രതീക്ഷിത വരുമാനം ലഭിക്കാതെ വന്നാല്‍ വികസനപ്രവര്‍ത്തനങ്ങളെ ഇത് കാര്യമായി ബാധിക്കും. ആഭ്യന്തരോത്പാദന വളര്‍ച്ചയില്‍ 10-11 ശതമാനത്തിലും കൂടുതല്‍ ഇടിവുണ്ടായാല്‍ വരുമാന നഷ്ടം 11,000 കോടി രൂപയായി മാറും. നോട്ട് ക്ഷാമം മൂലം കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായ സഹകണസംഘങ്ങള്‍ക്കും തകര്‍ച്ച മാത്രമാണ് നോട്ട് നിരോധനം സമ്മാനിച്ചത്.

നോട്ടുലഭ്യത ഇല്ലാതായതിനത്തുടര്‍ന്ന് സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട ഗ്രാമീണ കൃഷി മേഘലയ്ക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇതിനു പുറമെ നിര്‍മ്മാണ മേഖലയ്ക്കും വിനോദസഞ്ചാര മേഖലയുമെല്ലാം നോട്ടു നിരോധനം മൂലം മാന്ദ്യം നേരിടുകയാണ്.