തിരുവനന്തപുരം: മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിയന്ത്രിക്കാനും മാലിന്യനീക്കം പുനരാരംഭിക്കാനും വേണ്ടി തിരുവനന്തപുരം നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് . പകര്‍ച്ച വ്യാധികള്‍ തടയുക എന്ന ലക്ഷ്യം മുന്നിട്ടാണ് ഇത്.

കഴിഞ്ഞ അഞ്ചുമാസമായി വിളപ്പില്‍ശാലയിലേക്കുളള മാലിന്യനീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. മഴക്കാലം കൂടി എത്തിയതോടെ നഗരം രോഗത്തിന്റെ പിടിയിലാകാനുള്ള സാധ്യത ഏറെയാണ്.

Subscribe Us:

ജില്ലാ ഭരണകൂടം ഒരു മാസത്തെ നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചത്. അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ക്കാണ് അധികൃതര്‍ തയാറെടുക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരേയും പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ കാരണമാകത്തക്കരീതിയിലുള്ള പ്രവര്‍ത്തനം നടത്തുന്നവരെയും അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം.

നഗരത്തിലെ വഴിവക്കില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേയും മാലിന്യലോറികള്‍ തടയുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

മാലിന്യം വലിച്ചെറിയുന്നത് തടയാനായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകളും പരിശോധന നടത്തും. തിരുവനന്തപുരം നഗരസഭയുടെ പ്രത്യേകസ്‌ക്വാഡുകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്.