കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയും നിരോധനാജ്ഞ തുടരും.

Ads By Google

Subscribe Us:

അതേസമയം, കണ്ണൂര്‍ എസ്.പി ഓഫീസിലേക്കും സി.ഐ ഓഫീസിലേക്കും മാര്‍ച്ച് നടത്തുമെന്ന പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമില്ലെന്ന് സി.പി.ഐ.എം അറിയിച്ചു. വൈകുന്നേരം നാല് മണിക്ക് മാര്‍ച്ച് നടത്തുമെന്ന പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ.എം ജില്ലാ നേതൃത്വം വ്യക്തമാക്കി. നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറി. അറസ്റ്റിന് പിന്നാലെ ജയരാജനെ കോടതിയിലേക്ക് കൊണ്ടുപോകും വഴി കണ്ണൂര്‍ എസ്.പിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഫോറന്‍സിക് ലാബിന് നേര്‍ക്കും കല്ലേറുണ്ടായി. അക്രമികള്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

പോലീസിന് നേര്‍ക്കും കല്ലേറുണ്ടായി. കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പയ്യന്നൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി നാരായണന്റെ വീട് അടിച്ചുതകര്‍ത്തു. കണ്ണൂര്‍ ടൗണ്‍ സി.ഐ ഓഫീസിന് മുമ്പിലും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇരിട്ടി പോലീസ് സ്‌റ്റേഷന് നേരെയും കല്ലേറ് നടന്നു. കല്ലേറില്‍ എസ്.ഐക്ക് പരിക്കേറ്റു.