കൊല്ലം: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി താമസിക്കുന്ന അന്‍വാറുശ്ശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ എ ഷാജഹാന്‍ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടൂണ്ട്. റോഡിലും മറ്റ് ഭാഗങ്ങളിലുമുള്ള ജനക്കൂട്ടിത്തിന് നേരെ പോലീസ് ഷെല്‍ പ്രയോഗം നടത്തുകയാണ്.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്ന് അന്‍വാറുശ്ശേരിയിലേക്ക് അപ്രഖ്യാപിത മാര്‍ച്ച് നടത്തുമെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ അന്‍വാറുശ്ശേരിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് യുവമോര്‍ച്ച ജില്ലാ നേതാക്കള്‍ പറഞ്ഞു. കൊല്ലം എസ് പി ഹര്‍ഷിത അട്ടല്ലൂരി, 10 എസ് ഐമാര്‍, നാല് സി ഐമാര്‍, 250 ഓളം പോലീസുകാര്‍ എന്നിവരടങ്ങിയ സുരക്ഷാ സംവിധാനം അന്‍വാറുശ്ശേരിയിലുണ്ട്.

കൊല്ലം എആര്‍ ക്യാമ്പിലെയും ജില്ലയിലെ മറ്റ് പ്രാദേശിക സ്റ്റേഷനുകളിലെയും പോലീസുകാരെയാണ് ഇവിടങ്ങളില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്. അതിനിടെ അറസ്റ്റ് നടന്നേക്കുമെന്ന വാര്‍ത്ത വീണ്ടും പ്രചരിച്ചതോടെ കൂടുതല്‍ പി ഡി പി പ്രവര്‍ത്തകര്‍ അന്‍വാര്‍ശേരിയിലേക്ക് എത്തിത്തുടങ്ങി.

അതേസമയം പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്ന് പി ഡി പി നേതൃത്വം ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നുണ്ട്. അറസ്റ്റിന് വഴിയൊരുക്കാനാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പി ഡി പി നേതാവ് ഗഫൂര്‍ പുതുപ്പാടി ആരോപിച്ചു. മഅദനിയുടെ ജീവന്‍ അപായപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.

നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായിരുന്നപ്പോഴും ജയില്‍ മോചിനായ ശേഷവും അദ്ദേഹത്തിനെതിരെ വധ ശ്രമം നടന്നിട്ടുണ്ടെന്നും ഇപ്പോഴത്തെ അറസ്റ്റിനെയും ആ നിലയിലാണ് കാണുന്നതെന്നും ഗഫൂര്‍ പറഞ്ഞു.