ശ്രീനഗര്‍: യു എന്‍ ഓഫീസിലേക്ക് വിഘടനവാദ സംഘടനകള്‍ പ്രകടനം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ താഴ്‌വരയിലെ നാല് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. താഴ്‌വരയില്‍ നിയോഗിച്ചിട്ടുള്ള സൈന്യത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്താന്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് തീരുമാനിച്ചിരിക്കുന്നത്.

ശ്രീനഗര്‍, ബാരാമുള്ള, കുപ്വാര,ബന്ദിപോര എന്നീ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ കശ്മീരിലെ പുല്‍വാമ, അവന്തിപൊര എന്നിവിടങ്ങളിലും സുരക്ഷ കണക്കിലെടുത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരുതല്‍നടപടിയെന്ന നിലക്ക് ഹുറിയത്തിന്റെ പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. 1947 ഒക്ടോബര്‍ 27നായിരുന്നു ഇന്ത്യന്‍ സൈന്യം ആദ്യമായി കശ്മീരില്‍ കാലുകുത്തിയത്. ഇതിന്റെ വാര്‍ഷികദിനമായ ഇന്ന് കരിദിനമായി ആചരിക്കുമെന്നും ഹുറിയത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.