കോഴിക്കോട്: ബീഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ കൊലപാതകം കേരളത്തില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ആശുപത്രിയില്‍വെച്ച് ക്രൂരമായ മര്‍ദ്ദനത്തിനിരയായാണ് സത്‌നാം സിങ്ങ് മരിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇത് കൊലപാതകം സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സത്‌നാമിന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് പിന്തുണയറിയിച്ച് ഒരു കൂട്ടം സാംസ്‌കാരിക പ്രവര്‍ത്തകരും ഇതേ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

Ads By Google

ഈ ആവശ്യമുന്നയിച്ച് സക്കറിയ, എന്‍.പ്രഭാകരന്‍, പി.സുരേന്ദ്രന്‍, സി.ആര്‍. പരമേശ്വരന്‍, കെ. വേണു, കെ.എം.റോയി, ബി.ആര്‍.പി.ഭാസ്‌കര്‍ എന്നിവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നു.

ബിഹാറി യുവാവ് സത്‌നാം സിങ്ങ് കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍, അധികം വൈകാതെതന്നെ ഐ.ജി. സന്ധ്യയെ ചുമതപ്പെടുത്തിയപ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ നടപടികള്‍ ഉണ്ടാകും എന്നാണ് കരുതപ്പെട്ടത്. കേരളപോലീസിന് അതിന് കഴിയുമെന്ന് ചന്ദ്രശേഖരന്‍ വധകേസന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ അങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികമായിരുന്നു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് ആ പ്രതീക്ഷകള്‍ ആസ്ഥാനത്തായിരുന്നു എന്ന് തെളിയിക്കുന്ന തലത്തിലാണ്.

പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ ഏതാനും ജീവനക്കാരെ അറസ്റ്റ് ചെയ്ത് കേസെടുക്കാനാണ് ശ്രമം നടക്കുന്നത്. അമൃതാനന്ദമയി മഠത്തില്‍ സത്‌നാം സിങ്ങിനെതിരെ നടന്ന മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ട്. മഠത്തില്‍ നിന്ന് സിങ്ങിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍, ഡോക്ടറെകൊണ്ട് പരിശോധിപ്പിക്കുകയും അയാളുടെ ശരീരത്തില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ടെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം മഠത്തിലേക്കെത്താതെ തിരിച്ചുവിടാനുള്ള പോലീസിന്റെ നീക്കവും അതിനുനേരെ കണ്ണടക്കുന്ന സര്‍ക്കാരിന്റെ നിലപാടും അപലപനീയമാണ്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് കൊടുങ്ങല്ലൂരില്‍ നിന്നുള്ള നാരായണന്‍കുട്ടി എന്ന യുവാവിനും സത്‌നാം സിങ്ങിന്റെ അതേ അനുഭവങ്ങളാണ് ഉണ്ടായത്. മഠത്തില്‍വവെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ ആരംഭിച്ച മര്‍ദ്ദനം പേരൂര്‍ക്കട ആശുപത്രിയില്‍വെച്ചുള്ള മരണത്തിലാണ് കലാശിച്ചത്. അന്ന് ആ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണം എന്ന ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഇങ്ങനെയൊന്ന് ആവര്‍ത്തിച്ചതും.

ഇത്തരം ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ സത്‌നാംസിങ്ങിന്റെ കൊലയ്ക്കുത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. നാരായണന്‍കുട്ടിയുടെ കേസിലും പുതിയ അന്വേഷണം ആരംഭിക്കേണ്ടതാണ്. ഇത്തരം കേസന്വേഷണങ്ങളില്‍ വരുന്ന വീഴ്ചകള്‍ നിയമവാഴ്ചയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെ അപഹാസ്യമാക്കുകയേയുള്ളു.