എഡിറ്റര്‍
എഡിറ്റര്‍
ടി.പി.വധം: സാംസ്‌കാരിക നായകന്‍മാര്‍ പ്രതികരിക്കുന്നു
എഡിറ്റര്‍
Wednesday 16th May 2012 5:59pm


കൊച്ചി: ടി.പി.യുടെ വധത്തില്‍ എഴുത്തുക്കാര്‍ പ്രതികരിച്ചു തുടങ്ങി. സി.പി.ഐ.എമിനെ രൂക്ഷമായി വിമര്‍ശിച്ചാണ് സാഹിത്യകാര്‍ രംഗത്തെത്തിയിട്ടുള്ളത്. പാര്‍ട്ടികള്‍ മതങ്ങളെപ്പോലെ ഇരുണ്ടകാലം അടിച്ചേല്‍പ്പിക്കുകയാണെന്ന് ആനന്ദ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ട് താന്‍ പകച്ച് നില്‍ക്കുകയാണ്. എല്ലാ ചിന്തകളും വ്യര്‍ഥമായപോലെയാണ് തൊന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടി.പിയുടെ കൊലപാതകത്തില്‍ സാധ്യതകളും സാഹചര്യങ്ങളും വിരല്‍ ചൂണ്ടുന്നുത് സി.പി.ഐ.എമിലേക്കാണെന്ന് കവി സച്ചിദാനന്ദന്‍ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തില്‍ പ്രതികരിക്കേണ്ട ചുമതല എഴുത്തുക്കാര്‍ക്ക് മാത്രമല്ലെന്നും സാംസ്‌കാരിക ബോധമുള്ളവര്‍ മുഴുവനും ഇത്തരം സംഭവങ്ങള്‍ക്കെതിരെ രംഗത്തെത്തണം. ഷുക്കൂര്‍ വധത്തില്‍ ഇതിലും വലിയ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഭയപ്പെടേണ്ട സാഹചര്യം കേരളത്തിലില്ലെന്ന് സാഹിത്യകാരന്‍ എം.കെ.സാനു പറഞ്ഞു. രാഷ്ട്രീയ കക്ഷികള്‍ കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.പി.വധത്തില്‍ സാംസ്‌കാരിക നായകന്‍മാര്‍ പ്രതികരിക്കാത്തത് അത്ഭുതകരമാണെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ചെറിയ കാര്യങ്ങളില്‍പ്പോലും പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Advertisement