ഹവാന: ക്യൂബന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന വിപ്ലവ നേതാവുമായ ജൂലിയോ കസാസ് റെജീറോ(75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ശനിയാഴ്ച അന്ത്യം. 2008 ഫെബ്രുവരിയില്‍ റൗള്‍ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്ത ദിവസം തന്നെയായിരുന്നു കസാസിനെ പ്രതിരോധമന്ത്രിയായി നിയമിച്ചത്.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തനായിരുന്നു കസാസ്. ഒരു അക്കൗണ്ടന്റായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചതെങ്കിലും പിന്നീട് ഫിഡല്‍ കാസ്‌ട്രോയുടെ വിമതസേനയില്‍ ചേര്‍ന്നു. കിഴക്കന്‍ സീയേറ മിസ്ട്ര മേഖലയില്‍ റൗള്‍ കാസ്‌ട്രോയുടെ കീഴിലായിരുന്നു കസാസിന്റെ സേവനം.

പിന്നീട് അദ്ദേഹം ക്യൂബന്‍ റവല്യൂഷണറി ആംമ്ഡ് ഫോഴ്‌സസിന്റെ സാമ്പത്തിക വിഭാഗം തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. റൗള്‍ കാസ്‌ട്രോയ്‌ക്കൊപ്പം വിശ്വസ്തനായി ഉറച്ചുനിന്ന കസാസിനെ റൗള്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ദിവസം തന്നെ പ്രതിരോധമന്ത്രിയായി നിയമിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും സ്റ്റേറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രതിരോധമന്ത്രിയുടെ മരണം ക്യൂബയില്‍ ആശങ്ക പരത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അധികാരത്തിലിരിക്കുന്ന 80കാരനായ റൗള്‍ കാസ്‌ട്രോയുടേതുള്‍പ്പെടെ ആരോഗ്യനില ഭരണകൂടത്തെ ഭീതിപ്പെടുത്തുന്നുണ്ട്.