ഹവാന: സാങ്കേതികവിദ്യാ രംഗത്ത് വന്‍കുതിപ്പിന് തുടക്കമിട്ട് ക്യൂബ തദ്ദേശീയമായി വികസിപ്പിച്ച വിക്കിപീഡിയ പുറത്തിറക്കി. നിലവിലെ ലോകക്രമത്തെക്കുറിച്ചുള്ള ക്യൂബയുടെ നിലപാടുകള്‍ അടിസ്ഥാനമാക്കിയാണ് വിക്കിപീഡിയ ‘ഇക്യൂറെഡ്’ തയ്യാറാക്കിയിരിക്കുന്നത്.

ക്യൂബന്‍ ജനതയ്ക്കും ലോകത്തിനും അറിവിന്റെ പുതിയ വാതായനം തുറക്കുകയാണ് ഇക്യൂറെഡിന്റെ ലക്ഷ്യമെന്ന് ക്യൂബ അറിയിച്ചു. ലാഭേച്ഛ കൂടാതെ വിവരകൈമാറ്റത്തിനാണ് വിക്കിപീഡിയയിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇക്യൂറെഡ് പറയുന്നു.

അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളെക്കുറിച്ച് ഇക്യൂറെഡില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ സാമ്രാജ്യത്വരാഷ്ട്രം എന്നാണ് അമേരിക്കയെ ക്യൂബന്‍ വിക്കിപീഡിയ വിശേഷിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച ഇക്യൂറെഡ് ആരംഭിച്ചദിവസം 19,000 എന്‍ട്രികള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇക്യൂറെഡിന്റെ വരവോടെ അമേരിക്കയും ക്യൂബയും തമ്മിലുള്ള വാക്‌പോരാട്ടം കൂടുതല്‍ കടുത്തേക്കുമെന്നാണ് സൂചന. 11.2മില്യണ്‍ ജനസംഖ്യയുള്ള ക്യൂബയില്‍ 15 ശതമാനം ആളുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനുണ്ട്.