ഹവാന: ക്യൂബ കൂടുതല്‍ പരിഷ്‌ക്കരണത്തിന്റെ പാതയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭരണാധികാരികളുടെ കാലാവധി കുറയ്ക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമാകുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമയബന്ധിതമായ പരിഷ്‌ക്കരണം വേണമെന്നാണ് റൗള്‍ പ്രസംഗത്തില്‍ വ്യക്തമാക്കിയത്. ഭരണാധികാരികളുടെ കാലാവധി പത്തുവര്‍ഷമായി ചുരുക്കണമെന്നതും പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങളില്‍ പെടുന്നു. പാര്‍ട്ടി നേതൃത്വം സ്വയം വിമര്‍ശനം നടത്താന്‍ തയ്യാറാകണമെന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും രാജ്യപുരോഗതിക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും റൗള്‍ കാസ്‌ട്രോ വ്യക്തമാക്കി.

സാമ്പത്തിക രംഗത്തും സമൂലമാറ്റം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റൗള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമ്പത്തിക രംഗത്ത് കൂടുതല്‍ സ്വാകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യൂബയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം പരിഷ്്ക്കാര നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അസുഖത്തെ തുടര്‍ന്ന് ഫിഡേല്‍ കാസ്‌ട്രോ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തില്ല.