കൂള്‍ ഈ ക്രിസറ്റല്‍ ഫേഷ്യല്‍
Life Style
കൂള്‍ ഈ ക്രിസറ്റല്‍ ഫേഷ്യല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th April 2010, 7:00 pm

ചൂട് ചൂട് സര്‍വ്വത്ര ചൂട്….ഇനിയും ഒരു മാസം കൂടി കാത്തിരിക്കണം മഴ പെയ്ത് ശരീരവും മനസ്സും ഒന്നു തണുക്കാന്‍ . ചൂടുകാലത്ത് വസ്ത്രധാരണത്തിലും ആഹാരകാര്യത്തിലുമൊക്കെ നമ്മള്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. വസ്ത്രധാരണത്തിലാണെങ്കില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കും. അതു തന്നെ കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ളവ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.

അതുപോലെ ഭക്ഷണകാര്യത്തിലാണെങ്കില്‍ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കും. എന്നാല്‍ ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ആളുകള്‍ ഇപ്പോഴും അത്ര ശ്രദ്ധാലുക്കളല്ല. ചര്‍മസംരക്ഷണത്തിലും ചൂടുകാലത്തിന് പറ്റിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഫാഷന്‍ ആരോഗ്യത്തെയും സഹായിക്കും.

സീസണുകള്‍ക്ക് അനുയോജ്യമായ പലതരം ഫേഷ്യലുകള്‍ നമ്മുടെ ബ്യൂട്ടിപാര്‍ലറുകളില്‍ ചെയ്തു കൊടുക്കാറുണ്ട്. ഇപ്പോള്‍ പാര്‍ലറുകളില്‍ ഏറ്റവും ട്രെന്‍ഡി ആയിട്ടുള്ളത് ക്രിസ്റ്റല്‍ ഫേഷ്യല്‍ ആണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത മുട്ടയുടെ ആകൃതിയിലുള്ള രണ്ട് ക്രിസ്റ്റല്‍ സ്റ്റോണുകളാണ് ഈ ഫേഷ്യലിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഈ ക്രിസ്റ്റല്‍ സ്‌റ്റോണുകളാണ് ഇവയെ മറ്റു ഫേഷ്യലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ശരീരത്തിന്റെ പ്രഷര്‍ പോയിന്റുകളെ തണുപ്പ് പ്രദാനം ചെയ്യുന്ന ഈ ക്രിസ്റ്റല്‍ കൊണ്ട് മസാജ് ചെയ്യുകയാണ് ക്രിസ്റ്റല്‍ ഫേഷ്യലില്‍ ചെയ്യുന്നത്. പല ഫേഷ്യലുകളും ഇന്ന് മുഖത്തിന് മാത്രമുള്ളതാല്ലാതായിട്ടുണ്ട്. അത്തരത്തിലൊന്നാണ് ക്രിസ്റ്റല്‍ ഫേഷ്യല്‍.

സ്്ക്രബ്ബ് ചെയ്യുന്നതും പായ്ക്കിടുന്നതും ടോണ്‍ ചെയ്യുന്നതുമെല്ലാം മുഖത്താണ്. എന്നാല്‍ മസാജിങ് കാല്‍വെള്ള, കൈമുട്ട്, കൈമടക്ക്, കഴുത്തിന്റെ പിന്‍ഭാഗം എന്നിവിടങ്ങളിലെല്ലാം ചെയ്യും.ശരീരത്തിനു തണുപ്പ് പ്രദാനം ചെയ്യുന്ന ക്രിസ്റ്റലുകള്‍ കൊണ്ട് ഒരേ സമയം പ്രത്യേക രീതിയില്‍ ക്ലോക്ക്‌വൈസ്, ആന്റി ക്ലോക്ക്‌വൈസ് രീതിയില്‍ മസാജ് ചെയ്യുന്നത് ശരീരത്തിലെ താപനില നിയന്തിക്കാനും ഉന്മേഷം പ്രദാനം ചെയ്യാനും സഹായിക്കുമെന്നാണ് ബ്യൂട്ടീഷന്മാര്‍ പറയുന്നത്.

അരോമ ഓയില്‍ ഉപയോഗിച്ചാണ് ക്രിസ്റ്റല്‍ കൊണ്ടുള്ള മസാജ് ചെയ്യുന്നത്. ഈ ഫോഷ്യലിന് മറ്റു ഫേഷ്യലുകളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റീം ഉപയോഗിക്കാറില്ല. ചര്‍മ്മം ടൈറ്റ് ചെയ്ത് സുന്ദരമാക്കാന്‍ ഈ ഫേഷ്യല്‍ ഉത്തമമാണെന്ന് ബ്യൂട്ടീഷന്മാര്‍ അവകാശപ്പെടുന്നു.