എഡിറ്റര്‍
എഡിറ്റര്‍
സെക്രട്ടറിയേറ്റിന് മുന്നില്‍ നെഞ്ചത്തടിച്ചുള്ള കരച്ചില്‍ സമരം
എഡിറ്റര്‍
Monday 27th February 2017 3:30pm

തിരുവനന്തപുരം: ഇന്ന് സെക്രട്ടറിയേറ്റ് സാക്ഷ്യം വഹിച്ചത് വ്യത്യസ്ത രീതിയിലുള്ള ഒരു സമരമുറയ്ക്കായിരുന്നു. കാസര്‍കോട് ബദിയടുക്ക മലയോര മേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയാണ് നെഞ്ചത്തടിച്ചുകൊണ്ടുള്ള കരച്ചില്‍ സമരം നടത്തിയത്.

പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലുള്ള സമരപ്പന്തലില്‍ കുത്തിയിരുന്ന് നിലവിളിക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ കൈവശമുള്ള ബാനറുകളില്‍ കരച്ചില്‍ സമരം സിന്ദാബാദ്, കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന നയം അവസാനിപ്പിക്കണം എന്നും എഴുതിയിരുന്നു.

സമരക്കാരെല്ലാവരും അലമുറയിട്ട് നെഞ്ചത്തടിച്ചായിരുന്നു കരഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ആശ്രയിക്കുന്ന ബദിയടുക്ക-തുള്ളിയപ്പദവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ 18 ദിവസം ബദിയടുക്കയില്‍ സമരം ചെയ്തിരുന്നു.


Dont Miss നിരൂപകരെ തന്തക്ക് വിളിക്കുമെങ്കിലും താരങ്ങള്‍ വരച്ച വരയ്ക്കപ്പുറം പോകാന്‍ ഈ വീമ്പുകാര്‍ക്കാവില്ല : രഞ്ജിത്തിനെതിരെ സനല്‍കുമാര്‍ ശശിധരന്‍


എന്നാല്‍ ഇതുകൊണ്ടൊന്നും ഫലം കാണാത്തതിനാല്‍ കരയുന്ന കുഞ്ഞിനേ പാലുള്ളു എന്ന ചിന്ത മാറ്റുന്നതിനാണ് ഇവര്‍ കരച്ചില്‍ സമരവുമായെത്തിയത്. കരച്ചില്‍ സമരം പൊതുമരാമത്ത് വകുപ്പിന്റെ കണ്ണുതുറപ്പിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന ചിന്താഗതി സര്‍ക്കാര്‍ മാറ്റണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. കരച്ചില്‍ സമരം ആളുകള്‍ക്കും പുതിയ അനുഭവമായി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ പലരും ഇവര്‍ക്കിടയിലേക്ക് വന്നുനോക്കുന്നുണ്ടായിരുന്നു.

 

ഫോട്ടോ കടപ്പാട്: മലയാള മനോരമ

Advertisement