ന്യൂദല്‍ഹി: ഉപജീവനമാര്‍ഗം തേടാന്‍ സഹായിക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുമെന്നുമെല്ലാം വിളംബരം ചെയ്ത് എത്തിയ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ ജനങ്ങളുടെ ജീവിതത്തിന് തുരങ്കംവെക്കുന്നുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2010കളുടെ അവസാനത്തില്‍ ആന്ധ്രാപ്രദേശില്‍ മാത്രം ഇരുന്നൂറിലേറെ ദരിദ്രര്‍ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ സൃഷ്ടിച്ച കടക്കെണിമൂലം ജീവനൊടുക്കിയതായി ദി ഹിന്ദു ദിനപത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

പുറത്തുവന്ന വിശദമായ റിപ്പോര്‍ട്ടില്‍ ഭീകരമായ സത്യങ്ങളാണ് വെളിപ്പെടുന്നത്. വായ്പ തിരിച്ചടക്കാനാവാത്ത പാവപ്പെട്ട ജനങ്ങളെ മൈക്രോഫൈനാന്‍സ് കമ്പനിയുടെ ജീവനക്കാര്‍ മൃഗീയമായി പീഡിപ്പിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശാരീരിക പീഡനം, ഏറ്റവും മോശമായ തരത്തിലുള്ള തെറി, നാട്ടുകാര്‍ക്ക് മുന്നില്‍വെച്ച് ഭേദ്യം ചെയ്യല്‍ തുടങ്ങിയവയെല്ലാം കമ്പനിയുടെ ജീവനക്കാര്‍ പണം തിരിച്ചു കിട്ടാന്‍ വേണ്ടി ചെയ്യാറുണ്ട്.

വായ്പ തിരിച്ചടക്കാന്‍ പെണ്‍മക്കളെ വേശ്യാവൃത്തിക്ക് വിടാനുള്ള മൈക്രോഫൈനാന്‍സിംഗ് കമ്പനി ജീവനക്കാരുടെ പരിഹാസം സഹിക്കാനാവാതെ ആന്ധ്രാപ്രദേശില്‍ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത കാര്യം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഓരോ ആഴ്ചയിലും 600 രൂപവീതം നല്‍കി മൊത്തം ഒന്നര ലക്ഷം രൂപക്കാണ് ഈ വീട്ടമ്മയെ കമ്പനി കടക്കെണിയിലാഴ്ത്തിയത്. സ്‌കൂള്‍ ഫീസടക്കാന്‍ കരുതിവെച്ചിരുന്ന 150 രൂപ വായ്പയിലേക്ക് തിരിച്ചടവായി പിടിച്ചെടുത്ത കമ്പനിയുടെ നടപടിയില്‍ മനംനൊന്ത് ലളിത എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ‘കഠിനാദ്ധ്വാനം ചെയ്ത് പണം ഉണ്ടാക്കുക, വായ്പ എടുക്കാതിരിക്കുക’ എന്ന് ലളിത ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.

ഹൈദരാബാദിലെ വിഖാരാബാദ് ജില്ലയിലെ വീട്ടില്‍ ലളിതയുടെ ചിത്രത്തിനരികില്‍ പിതാവ് നരസിംഹുലു.

കടക്കെണിയില്‍ നിന്ന് മോചനം നേടാന്‍ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തവര്‍ അത്യന്തം കടക്കെണിയിലേക്ക് വീഴുകയാണെന്ന് റിപ്പോര്‍ട്ട് തെളിയിക്കുന്നു. വായ്പ തിരിച്ചുപിടിക്കാന്‍ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ നിയോഗിച്ചവര്‍ തന്നെ പലപ്പോഴും ആത്മഹത്യകള്‍ക്ക് ദൃസാക്ഷികളായിട്ടുണ്ട്. വായ്പ ഇളവ് ചെയ്ത് കിട്ടാന്‍ കുളത്തില്‍ ചാടി മരിക്കാന്‍ ഒരു കമ്പനി ജീവനക്കാരന്‍ ഉപദേശിച്ചത്രെ. വായ്പ തിരിച്ചടക്കാന്‍ ഗത്യന്തരമില്ലാതെ നാല് മക്കളുടെ അമ്മയായ ആ സത്രീ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു.

ഇന്ത്യയിലെ പ്രമുഖ മൈക്രോ ഫൈനാന്‍സ് സ്ഥാപനമായ എസ്.കെ.എസാണ് (സ്വയം കൃഷി സംഘ്) ഒരു അന്വേഷണ ഏജന്‍സിയെ വെച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് തങ്ങള്‍ക്കു തന്നെ എതിരായതോടെ അവര്‍ ഇതുവരെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. അതേസമയം, തങ്ങള്‍ നിയോഗിച്ച അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ എസ്.കെ.എസ് നിഷേധിച്ചു.

വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ഗതിമുട്ടി ഫര്‍ണ്ണീച്ചറുകള്‍, വീട്ടുപാത്രങ്ങള്‍, കൈയ്യിലുള്ള ചെറിയ സ്വര്‍ണ്ണാഭരണങ്ങള്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, റേഷന്‍ കാര്‍ഡ് എന്നിവയെല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ട്. മൈക്രോ ഫൈനാന്‍സിംഗ് കമ്പനികളുടെ ഓഫീഷ്യല്‍സിനെതിരെ 76 ക്രിമിനല്‍ കേസുകള്‍ ആന്ധ്രാപ്രദേശില്‍ മാത്രം നിലനില്‍ക്കുന്നുണ്ട്. ഇതില്‍ എസ്.കെ.എസ് കമ്പനിയുടെ ചീഫ് ഒഫീഷ്യലുകള്‍ക്കെതിരെയുള്ള കേസുകളും ഉള്‍പ്പെടുന്നുണ്ട്.

1970കളില്‍ ബംഗ്ലാദേശിലാണ് മൈക്രോ ഫൈനാന്‍സിംഗ് കമ്പനികള്‍ ഉദയം ചെയ്യുന്നത്. അന്നത്തെ ക്ഷാമകാലത്ത് ബംഗ്ലാദേശിലെ ദരിദ്രരായ വീട്ടമ്മമാരെ ചെറിയ തുകകള്‍  വായ്പ നല്‍കി ഉപജീവനത്തിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോ ഫൈനാന്‍സിംഗ് ആരംഭിക്കുന്നത്. ഗ്രാമീണ്‍ ബാങ്കിന്റെ തലവനായ പാവങ്ങളുടെ ബാങ്കര്‍ എന്നറിയപ്പെടുന്ന പ്രൊഫ. മുഹമ്മദ് യൂനുസ് ആണ് ഈ പദ്ധതിയുടെ ഉപജ്ഞാതാവ്.

അന്ന് യൂനുസ് ലാഭം ലക്ഷ്യമാക്കാതെ ഈ പദ്ധതി ആരംഭിക്കുമ്പോള്‍, ദരിദ്രരായ ആളുകള്‍ വായ്പ തിരിച്ചടക്കില്ലെന്ന് ബാങ്കുകള്‍ യൂനുസിനെ ഉപദേശിച്ചെങ്കിലും അവര്‍ പിന്നീട് യൂനുസിനെ ശരിവെച്ചു. നല്‍കിയ വായ്പകള്‍ ആ ദരിദ്രര്‍ സമയത്ത് തന്നെ തിരിച്ചടച്ചു. അതോടെ വായ്പാ സംവിധാനം പരിഷ്‌കരിച്ചു. അഞ്ച് സ്ത്രീകളടങ്ങിയ ഗ്രൂപ്പുണ്ടാക്കി സ്വയം തൊഴില്‍ കണ്ടെത്താന്‍ കൂടുതല്‍ തുക വായ്പ നല്‍കാന്‍ തുടങ്ങി. അവിടെയും യൂനുസ് വിജയിച്ചു. നൂറു ശതമാനം വായ്പയും തിരിച്ചടക്കപ്പെട്ടു. ഈ സംരഭിത്തിന് യൂനുസിന് 2006ലെ നൊബേല്‍ സമ്മാനം ലഭിച്ചു.

യൂനുസിന്റെ പദ്ധതി വിജയം കണ്ടതോടെ, യൂനുസിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന വിക്രം അകുല എന്നയാള്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് സ്വന്തമായി സ്ഥാപിച്ചതാണ് എസ്.കെ.എസ് എന്ന മൈക്രോ ഫൈനാന്‍സിംഗ് കമ്പനി. മോഹനവാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവര്‍ ഇരകളെ കെണിയില്‍ വീഴ്ത്തുന്നത്.

Malayalam news

Kerala news in English