ന്യൂദല്‍ഹി:  ക്രൂഡ് ഓയില്‍ വില ഉയരുന്ന മാത്രയില്‍  പെട്രോള്‍ വില കൂട്ടുന്ന എണ്ണക്കമ്പനികള്‍ പക്ഷേ, ആ ശുഷ്‌കാന്തി ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ കാണിക്കുന്നില്ല. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുകയും ചെയ്തിട്ടും അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് എണ്ണക്കമ്പനികള്‍. കണ്ണടച്ച് വില കൂട്ടുന്ന കമ്പനികള്‍ എണ്ണ വില കുറക്കണമെങ്കില്‍ വിപണി നിരീക്ഷണം ആവശ്യമാണെന്ന നിലപാടിലാണിപ്പോള്‍.

Ads By Google

രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് എണ്ണ വില മാറ്റാന്‍ കമ്പനികള്‍ക്ക് അധികാരമുണ്ടെന്നിരിക്കേ ഇതിനായി സര്‍ക്കാറിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്ന നിലപാടിലാണ് ഇപ്പോള്‍ കമ്പനി.  ക്രൂഡ്, ഡോളര്‍ വില ഇടിയുന്ന പ്രവണത കണ്ടുതുടങ്ങിയിട്ട് ഒരാഴ്ചയായെങ്കിലും പെട്രോള്‍വില കുറയ്ക്കാന്‍ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ 15ന് ബാരലിന് 116 ഡോളറായിരുന്ന എണ്ണവില 106 ഡോളറായി കുറഞ്ഞു. രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിലായി മെച്ചപ്പെട്ടുവരികയാണ്. നാലുമാസം മുമ്പ് 57 രൂപയ്ക്കടുത്തെത്തിയ ഡോളര്‍വില ഇപ്പോള്‍ 53 രൂപയിലേക്ക് കുറഞ്ഞിരിക്കുകയാണ്. ക്രൂഡോയിലിന് ഓരോ ഡോളര്‍ താഴുമ്പോഴും പെട്രോള്‍ ലിറ്ററിന് 33 പൈസ പ്രകാരം കുറയുമെന്നാണ് കണക്ക്. കൂടാതെ ഡോളറിന്റെ മൂല്യം ഓരോ രൂപ ഇടിയുമ്പോഴും പെട്രോളിന് 77 പൈസ കുറയും. ഈ കണക്കുപ്രകാരം പെട്രോളിന് ഇപ്പോള്‍ ആറു രൂപയ്ക്കു മുകളില്‍ കുറയ്ക്കാവുന്നതാണ്. എന്നാല്‍ ഇപ്പോഴും നഷ്ടമില്ലാതെ തട്ടിമുട്ടി മുന്നോട്ടു പോകാനേ കഴിയുന്നുള്ളൂയെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു.