സിംഗപ്പൂര്‍: ക്രൂഡ് ഓയിലിന്റെ വിലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. ബാരലിന് വില രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 92 ഡോളറിനടുത്തെത്തിയിട്ടുണ്ട്. അതിനിടെ ക്രൂഡ് ഓയില്‍ വിലവര്‍ധനവ് വീണ്ടും ഇന്ധന വില വര്‍ധനവിന് കാരണമായേക്കും എന്നും സൂചനയുണ്ട്.

ഈവര്‍ഷം ഫെബ്രുവരിയില്‍ ക്രൂഡ് ഓയില്‍ വില27 ശതമാനം വര്‍ധിച്ച് ബാരലിന് 91.78 ഡോളറിലെത്തിയിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു.

അതിനിടെ വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കൂട്ടാന്‍ ഉദ്ദേശമില്ലെന്ന് എണ്ണക്കമ്പനികളുടെ സംഘടനയായ ‘ഒപെക്’ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ആഗോള ക്രൂഡ് ഓയില്‍ വ്യാപാരത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്നത് ഒപെക്കാണ്.

അന്താരാഷ്ട്രമാര്‍ക്കറ്റില്‍ പെട്രോളിന്റെ വിലവര്‍ധിച്ചതിനെ തുടര്‍ന്ന് പെട്രോളിയം കമ്പനികള്‍ വിലവര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പാചകവാതകത്തിന്റേയും ഡീസലിന്റേയും വിലയില്‍ വ്യത്യാസം വരുത്തിയിരുന്നില്ല. എന്നാല്‍ നിലവിലെ സ്ഥിതിഗതികള്‍ ഇന്ധനി വിലയില്‍ ഒരിക്കല്‍ക്കൂടി വര്‍ധനവ് വരുത്താന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചേക്കും എന്നാണ് സൂചന.

ഉയരുന്ന ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര സാമ്പത്തിക പ്രതിസന്ധി ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ ആശങ്കപ്പെടുന്നത്.