മലപ്പുറം: കെട്ടിട നിര്‍മ്മാണം മുതല്‍ പറമ്പ് കിളയ്ക്കല്‍ ജോലിയ്ക്ക് വരെ മലയാളിക്ക് മറുനാടന്‍ തൊഴിലാളികളെ വേണം. എന്നാല്‍ അവരുടെ മനുഷ്യാവകാശങ്ങള്‍ക്കോ ജീവനോ പുല്ലുവില പോലും കല്‍പ്പിക്കാന്‍ നാം തയ്യാറാവുന്നില്ല.

ഗള്‍ഫ് രാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളെ നാണിപ്പിക്കുന്ന രീതിയില്‍ അന്യ സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്നത് നേരത്തെ വാര്‍ത്തയായതാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും സന്‍മനസ്സില്ലാത്ത തൊഴിലുടമകളെക്കുറിച്ചും നാം കേട്ടതാണ്.

ഇപ്പോഴിതാ ആശുപത്രികളിലും ഇവര്‍ക്ക് വിവേചനവും അവഗണനയും ഏറ്റുവാങ്ങേണ്ടി വരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം തയ്യലകടവിലുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ ഒറീസ സ്വദേശികളായ തൊഴിലാളികളെ പ്രവേശിപ്പിച്ച ആശുപത്രി ആവശ്യമായ ചികിത്സ നല്‍കാതെ വന്‍ തുക ബില്‍ ഈടാക്കി ഇവരെ പറഞ്ഞുവിട്ടിരിക്കയാണ്.

ബസ്സപകടത്തില്‍ സാരമായ പരുക്കേറ്റ് ഒറീസ സ്വദേശികളായ സല്‍മാന്‍ (21), സുഭാഷ്(21), മജ്ഞു(25) എന്നിവരെ ഫറോക്കിലുള്ള ഒരു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇവര്‍ക്ക് വന്‍ബില്‍ ഈടാക്കി പ്രാഥമിക ചികിത്സ നല്‍കി തിരിച്ചയക്കുകയാണുണ്ടായത്.

തലയ്ക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുണ്ടായിരുന്നു. ഇതില്‍ ഒരാളുടെ താടിക്ക് പത്തിലേറെ സ്റ്റിച്ചുകളുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍ ഇവരെ തിരിച്ചയക്കുകയായിരുന്നു. നല്ലൊരു തുക ബില്ലും ഇവരില്‍ നിന്ന് ഈടാക്കിയിട്ടുണ്ട്.

മലയാള ഭാഷ വശമില്ലാത്ത ഇവര്‍ എന്താണ് ഇനി ചെയ്യേണ്ടത് എന്നറിയാതെ പരപ്പനങ്ങാടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരിടപെട്ട് ഇവരെ പോലീസ്േറ്റഷനില്‍ എത്തിക്കുകയും പരാതി നല്‍കുകയുമായിരുന്നു. പിന്നീടിവര്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ ഉച്ചയ്ക്കുശേഷമാണ് തയ്യിലക്കടവ് പാലത്തിന് സമീപത്തുവച്ച് അമിതവേഗതയില്‍ വന്ന ബസ്സ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Malayalam news

Kerala news in English